ആചാര്യവാണി – വേദത്തിലെ രൂപക ഇരട്ടകൾ - (ആചാര്യ) നരേന്ദ്രഭൂഷൺ
വേദത്തിൽ അനിത്യമായ ലൗകിക ഇതിഹാസമൊന്നും ഇല്ല. ഏതെങ്കിലും വ്യക്തിയുടെയോ പ്രദേശത്തിന്റെയോ ചരിത്രം അനിത്യമായതുകൊണ്ട് അതിന് വേദത്തിൽ ഇടയില്ല.
ഉദാഹരണത്തിന് സത്യവാൻ സാവിത്രി, യമൻ-യമി, പൂരൂരവസ്സ്-ഉർവശി തുടങ്ങിയ ഇരട്ടകളുടെ വർണ്ണന വേദത്തിലുണ്ട്. ഇവ ലൗകികാഖ്യാനങ്ങളല്ല. വേദത്തിൽ സത്യവാൻ സൂര്യനും സാവിത്രി സൂര്യശക്തിയായ രശ്മിയുമാണ്. സായാഹ്നം സത്യവാന്റെ സൂര്യന്റെ യമാലയഗമനം തുട...
ങ്ങുന്ന വേളയാണ്. യമനിൽ നിന്നു ഗണിച്ചെടുക്കുന്ന സമയത്തിനു യാമമെന്നു പറയുന്നു. യമിയാകട്ടെ യമന്റെ സഹോദരിയാണെന്ന് സങ്കല്പം. കാലത്തിന്റെ ഒപ്പം ഉണ്ടായതും നിലനിക്കുന്നതും അന്തർദ്ധാനം ചെയ്യുന്നതുമായതെല്ലാം യമിയെന്ന സംജ്ഞയിൽ വരും. ധർമ്മവും ധർമ്മിയും പോലാണീ സംജ്ഞകളും. ധർമ്മത്തിന്റെ് അവയവംപോലെ വർത്തിക്കുന്നതാണല്ലോ ധർമ്മി. യമനും യമിയും ഇതുപോലെതന്നെ. സത്യവാൻ-സൂര്യൻ-യമൻ അഥവാ കാലചക്രത്തിനു വിധേയമായി സന്ധ്യയ്ക്ക് അസ്തമിക്കുന്നു. അപ്പോൾ പ്രകാശം-സാവിത്രി തപസ്സാരംഭിക്കുന്നെന്നു സങ്കൽപം. രാത്രിയാകുന്ന യമസന്നിധിയിൽനിന്ന് സാവിത്രി സത്യവാനെ വീണ്ടെടുത്തുകൊണ്ടുവരുന്നു. അതുകൊണ്ടാണ് പ്രകാശം-സാവിത്രി മുൻപേയും സത്യവാൻ-സൂര്യൻ പിൻപേയും പ്രഭാതത്തിൽ വരുന്നത്. പ്രളയമെന്ന ദീർഘരാത്രിയ്ക്കു ശേഷവും ഇതുതന്നെ സംഭവിക്കുന്നു. പൂരൂരവസ്സ് ഉച്ചസ്വരത്തിലുള്ള മേഘഗർജ്ജനവും ഉർവശി ഭൂമിയിലേക്കു പായുന്ന വിദ്യുത്തുമാണ്. ഇടിയും മിന്നലും എന്നർത്ഥം.
കാളിദാസൻ വിക്രമോർവ്വശീയം എഴുതിയത് വേദത്തിലെ സംജ്ഞകളെടുത്ത് കഥ നിർമ്മിച്ചതാണ്. പിരിയാത്ത ഇരട്ടകളിൽ ഒന്ന് പാഞ്ഞുപോയി അന്തർദ്ധാനം ചെയ്യുന്ന കമിതാക്കളുടെ കഥയിൽ ഇതിലും നല്ല സംജ്ഞകളൊന്നും ഇല്ലായ്കയാൽ കവി അവയെ സ്വീകരിച്ചതാണ്. വേദത്തിലെ കഥ കാളിദാസന്റെ വിക്രമോർവ്വശീയത്തിലേതല്ല. വേദത്തിലെ സംജ്ഞാർത്ഥങ്ങളായ ഇടിമിന്നലുകൾ ഉർവശി-പൂരൂരവസ്സുകളെന്ന കഥാപാത്രങ്ങളാകാൻ സർവഥാ ചേർച്ചയുള്ളതുതന്നെ. ഈ അനിത്യകഥ വേദാർത്ഥമായി പറയുന്ന പക്ഷം അനൗചിത്യം വന്നുകൂടും. ഈ അനുചിതവൃത്തിയാണ് പല ആധുനിക ഭാഷ്യകർത്താക്കളും വേദവ്യാഖ്യാനത്തിൽ അനുവർത്തിക്കുന്നതും.
കടപ്പാട്:- (ആചാര്യ) നരേന്ദ്രഭൂഷൺ രചിച്ച “ഉപനയനം എന്ത്? എന്തിന്?” എന്ന പുസ്തകത്തിലെ രണ്ടാം അദ്ധ്യായം, പുറം ൧൩-൧൪ (13-14) ൽ നിന്നും
No comments:
Post a Comment