Thursday, November 28, 2013

ആചാര്യവാണി 26-11-2013 (ആചാര്യ) നരേന്ദ്രഭൂഷൺ

തന്മേ ശിവസങ്കല്പമസ്തു എന്റെ മനസ്സ് ആർക്കും ഹാനി വരുത്തരുതെന്ന് ആഗ്രഹിക്കുന്നതാകട്ടെ
ഹേ അഗ്നേ പ്രകാശസ്വരൂപനായ സർവ്വേശ്വരാ അവിടുന്ന്‍ ദയവുചെയ്ത്, ഏതൊരു ബുദ്ധിയെയാണോ വിദ്വാന്മാരും ജ്ഞാനികളും യോഗികളും ഉപാസിക്കുന്നത്, ആ ബുദ്ധി നല്കി ഞങ്ങളെ ബുദ്ധിമാന്മാരാക്കിയാലും! ഭഗവന്‍! അവിടുന്നു പ്രകാശരൂപിയാകുന്നു. ദയവുചെയ്ത് എന്നിലും പ്രകാശത്തെ പ്രതിഷ്ഠിച്ചാലും. അവിടുന്ന്‍ അളവറ്റ പരാക്രമമുള്ളവനാണ്, കൃപ ചെയ്ത് എന്നിലും ബലം പകർന്നാലും. അവിടുന്ന്‍ അനന്തമായ സാമർത്ഥ്യമുള്ളവനാണ്, എനിക്കും പൂർണ്ണസാമർത്ഥ്യം നല്‍കിയാലും. അവിടുന്ന്‍ ദുഷ്ടകർമ്മങ്ങളുടെ നേരെയും ദുഷ്ടജനങ്ങളുടെ നേരെയും ക്രോധത്തോടുകൂടിയവനാണ്, എന്നെയും അപ്രകാരമാക്കിയാലും. അവിടുന്ന്‍ നിന്ദാസ്തുതികളേയും തന്നോടുള്ള അപരാധങ്ങളേയും ക്ഷമിക്കുന്നവനാണ്. ദയവുചെയ്ത് എന്നെയും അപ്രകാരമാക്കണേ. ദയാനിധേ! നിന്തിരുവടിയുടെ കരുണകൊണ്ട് എന്റെ മനസ്സ്‌ ജാഗ്രദവസ്ഥയിൽ വളരെ ദൂരത്തേക്കു പോകുന്നു, ദിവ്യഗുണയുക്തമായി സ്ഥിതി ചെയ്യുകയും ചെയ്യുന്നു. ആ മനസ്സുതന്നെ ഞാൻ ഉറങ്ങുമ്പോൾ സുഷുപ്തിയെ പ്രാപിക്കുന്നു. സ്വപ്നാവസ്ഥയിൽ അതെ മനസ്സ്‌ ദൂരെ ചെല്ലുന്നതുപോലെ വ്യവഹരിക്കുന്നു. എല്ലാ പ്രകാശിത വസ്തുക്കളേയും പ്രകാശിപ്പിക്കുന്ന എന്റെ മനസ്സ് ശിവസങ്കല്പ തനിക്കും മറ്റുള്ളവർക്കും നന്മയാഗ്രഹിക്കുന്നത് യുക്തമാകട്ടെ. ആർക്കും ഹാനി വരുത്തരുതെന്ന് ആഗ്രഹിക്കുന്നതാകട്ടെ.
കടപ്പാട്: 1970-ൽ വേദപണ്ഡിതൻ സ്വർഗീയ (ആചാര്യ) നരേന്ദ്രഭൂഷൺ തുടങ്ങിയ ആർഷനാദം (മലയാളത്തിലെ ഏക വൈദിക-ദാർശനിക മാസിക) 2009 ജൂലൈ ലക്കത്തിൽ നിന്നും.
കൂടുതൽ വിവരങ്ങൾക്കും വിശദാംശങ്ങൾക്കും മാസികയ്ക്കും പുസ്തകങ്ങൾക്കും http://arshanadam.co.in
എന്റെ കുറിപ്പ്‌
വേദവും ഉപനിഷത്തും സാധാരണക്കാരന് മനസ്സിലാവില്ലെന്നും ആചാര്യജിയുടെ എഴുത്ത്‌ കഠിനമാണെന്നും പറയുന്നവർക്കുള്ള മറുപടികൂടിയാണ് ഈ കുറിപ്പ്‌. വേദം സാധാരണക്കാരിൽ എത്തിക്കാൻ തന്റെ ജീവിതം ഉഴിഞ്ഞുവച്ച ആ മഹാപ്രതിഭയ്ക്ക്‌ പ്രണാമം.

No comments: