Thursday, December 12, 2013

വൈദിക ഈശ്വരൻ

വൈദിക ഈശ്വരൻ എന്ന ലേഖനത്തെ ആസ്പദമാക്കിയുള്ള ഈ ചർച്ചയിൽ വൈയക്തിക വിഷയങ്ങൾക്കു പ്രാധാന്യമില്ല എന്നു പറഞ്ഞുകൊണ്ട് എല്ലാവരോടും ആദ്യമേ ക്ഷമാപണം ചെയ്യുന്നു. ഇനി പറയുന്ന കാര്യങ്ങളിൽ തെറ്റോ ആധികാരികതയില്ലായ്മയോ ഉണ്ടെങ്കിൽ ദയവായി ചൂണ്ടികാട്ടുക, യുക്തിയും പ്രമാണവും സഹിതം ആയിരിക്കണം എന്നുമാത്രം. ആദ്യമായി ഒരു വിഡ്ഢിച്ചോദ്യമാകാം, ആരാണ് അല്ലെങ്കിൽ എന്താണ് ഈശ്വരൻ? സർവശക്തനും ദയാലുവും സ്നേഹത്തിന്റെ നിറകുടവും സൃഷ്ടികർത്താവും കാരുണ്യവാരിധിയുമൊക്കെയായ ശക്തി വിശേഷം എന്നു പറഞ്ഞാൽ ആർക്കും വിരോധമുണ്ടാവില്ല എന്നു വിശ്വസിക്കുന്നു. വൈദിക ഈശ്വരൻ എന്നു പറയേണ്ടി വന്നതെന്തുകൊണ്ട്? ഹിന്ദുക്കൾ എന്നു സ്വയം വിശേഷിപ്പിക്കുന്ന ഭാരതീയരിലെ ഭൂരിപക്ഷം ബഹുദൈവാരാധകരാണ് എന്നാണല്ലോ പറയപ്പെടുന്നത്. അനേക രൂപങ്ങളിൽ, ഭാവങ്ങളിൽ ഈശ്വരാരാധന നടത്തുന്നു സനാതനധർമ്മികൾ. ആത്മീയ വിഷയങ്ങളിൽ അറിവുള്ളവരൊക്കെ പറയാറുണ്ട്‌, രൂപങ്ങളിലൂടെ അവയ്ക്കപ്പുറം നിരാകാരനായ ബ്രഹ്മത്തെ (പരബ്രഹ്മത്തെ) ആണ് ഉപാസിക്കുന്നത് എന്ന്. ഇതിനെയാണ് മോക്ഷമൂല്യർ (Max Muller) പറഞ്ഞ ഹെനൊതീയിസം (Henotheism) എന്നു വിശേഷിപ്പിച്ചത്. ഇവിടെ ചോദ്യം ഇതാണ്, ഇതു ശരിയാണോ? ഇതിന് ഉത്തരം കണ്ടുപിടിക്കാൻ ശ്രമിക്കാം. തുടക്കം വേദത്തിൽ ആവുന്നതിൽ ആർക്കും വിരോധമുണ്ടാവില്ല എന്നു വിശ്വസിക്കുന്നു.
ഈശ്വരനെ ആരാധിക്കുന്ന വിഷയം ചർച്ച ചെയ്യുന്നിടത്ത് വേദത്തിന് എന്താണ് പ്രസക്തി എന്നു നോക്കാം. ലോകത്തിലെ ആദ്യ സാഹിത്യം (വാമൊഴിയും വരമൊഴിയും) വേദമാണ് എന്ന് പൊതുവേ അംഗീകരിച്ചതാണ്, ഭാരതീയരും പാശ്ചാത്യരും. ഭാരതീയ സംസ്കാരത്തിന്റെ അടിത്തറ വേദങ്ങളാണെന്നു പറഞ്ഞത്‌ ഋഷീശ്വരന്മാരാണ്. എല്ലാ ഭാരതീയ ആചാര്യന്മാരും പണ്ഡിതരും ഇത് അംഗീകരിച്ചിട്ടുണ്ട്, ചാർവാകന്മാരും ബൗദ്ധജൈനരും ഒഴികെ. വേദോഖില ധർമ്മമൂലഃ എല്ലാ ധർമ്മങ്ങളുടെയും മൂലം വേദമാണെന്നു പറഞ്ഞത്‌ മനുവാണ്. ഇനി എന്താണ് വേദം? വേദമെന്നാൽ അറിവാണ് എന്ന് എല്ലാ പണ്ഡിതരും സമ്മതിക്കും എന്നു വിശ്വസിക്കുന്നു. എന്താണ് വേദത്തിലെ പ്രധാന വിഷയങ്ങൾ? ഋഗ്വേദം സ്തുതിയും, യജുര്‍വേദം കർമ്മവും, സാമവേദം ഉപാസനയും, അഥര്‍വവേദം സംരക്ഷണവും മുഖ്യമായി പ്രതിപാദിക്കുന്നു. അപ്പോൾ ചോദ്യങ്ങൾ വരാം. ആരെ, എന്തിനു ആരു്, എങ്ങനെ സ്തുതിക്കണം? ഈശ്വരനെ, വിശേഷബുദ്ധിയുള്ള മനുഷ്യർ; സ്തുതി, പ്രാർത്ഥന, ഉപാസനകളിലൂടെ. എന്തിനു കർമ്മം ചെയ്യണം? തനിക്കും ലോകത്തിനും നന്മയുണ്ടാവാൻ കർമ്മം ചെയ്തേ പറ്റൂ (ഇതു മനുഷ്യവർഗ്ഗത്തിനു മാത്രമുള്ള വിശേഷബുദ്ധിയുള്ളതുകൊണ്ടാണ്). എന്തിനു  ഉപാസിക്കണം? ആത്മശുദ്ധീകരണത്തിനുള്ള വഴിയാണ് ഉപാസന. എന്തിനെ, എന്തിനു സംരക്ഷിക്കണം? വേദമെന്ന അറിവിനെ വരുംതലമുറകൾക്കായി, അവരുടെ നന്മയ്ക്കായി സംരക്ഷിക്കുക മാനവധർമ്മമാണ്. (തന്നിലില്ലാത്തതും ഈശ്വരനിലുള്ളതുമായ ഗുണങ്ങൾ ഘോഷിക്കുന്നത് സ്തുതിയും, തനിക്കില്ലാത്ത ഗുണങ്ങൾ കിട്ടാൻ പ്രകർഷേണ അർത്ഥിക്കുന്നത് അപേക്ഷിക്കുന്നത് പ്രാർത്ഥനയും, ഈശ്വരന്റെ ഗുണകർമ്മസ്വഭാവങ്ങൾ പോലെ സ്വന്തം ഗുണകർമ്മസ്വഭാവങ്ങളെ ശ്രേഷ്ഠവും പവിത്രവും ആക്കാൻ ശ്രമിക്കുന്നത് ഉപാസനയും ആണ്.) വേദത്തിൽ ഈ ത്രയീവിദ്യയാണ് ഉള്ളതെന്ന് പണ്ഡിതർക്ക് അറിയാം.

ഇങ്ങനെയൊക്കെയുള്ള വേദത്തെ ശരിയായി മനസ്സിലാക്കാൻ എന്താണ് ശരിയായ വഴി? സായണാചാര്യന്റെ യാജ്ഞിക ഭാഷ്യമോ മഹീധര-ഉവ്വടരുടെ അശ്ലീലഭാഷ്യമോ അല്ല ശരിയായ വേദഭാഷ്യം. എന്തുകൊണ്ട്? സായണാചാര്യന്റെ ഭാഷ്യത്തിൽ ദേവതകളെ ദൈവങ്ങളാക്കി അവതരിപ്പിച്ചപ്പോൾ പണ്ഡിതന്മാർക്കുപോലും ദൈവസങ്കല്പം വികലമായി. പിന്നെ എന്തിനെ അടിസ്ഥാനമാക്കിയാവണം വേദഭാഷ്യം ഉണ്ടാവേണ്ടത്. വേദം വേദാംഗങ്ങളും ഉപാംഗങ്ങളും സഹിതം സമ്പൂർണ്ണമായി പഠിച്ചാൽ വേദാർത്ഥം തെളിയും. ഇതിനു ഏതെങ്കിലും ആചാര്യനോടു വിധേയത്വം ഉണ്ടാവണമെന്ന വാശിയില്ല എന്നറിയുന്നത് നല്ലതാണ്. പക്ഷെ സത്യം മനസ്സിലാക്കാൻ ബുദ്ധിമുട്ടാണ്, അതിലും പാടാണ് ഉള്‍ക്കൊള്ളാൻ, ഏറ്റവും പാടാണ് അംഗീകരിക്കാൻ. പരമ്പരാഗത വിശ്വാസങ്ങളെ മറ്റാൻ ബഹുഭൂരിപക്ഷം ആളുകളും തയ്യാറല്ല എന്നതാണ് യാഥാർത്ഥ്യം. അതിനെ ന്യായീകരിക്കാൻ യുക്തിയില്ലാത്ത ന്യായങ്ങളെ വരെ അവലംബിക്കും എന്നാണ് ചരിത്രം തെളിയിച്ചിട്ടുള്ളത്. ഇങ്ങനെയൊക്കെ പറഞ്ഞത്‌ പലർക്കും ഇഷ്ടപ്പെടുമോ എന്നറിയില്ല.