Sunday, November 17, 2013

മഹാപുരുഷൻ - ആചാര്യവാണി 17-11-2013 (ആചാര്യ) നരേന്ദ്രഭൂഷൺ


ആചാര്യവാണി 17-11-2013 (ആചാര്യ) നരേന്ദ്രഭൂഷൺ
മഹാപുരുഷൻ
ചോദിക്കാത്തവനോടും, അന്യായമായി ചോദിക്കുന്നവനോടും മറുപടി പറയരുത്. ബുദ്ധിമാൻ അവരുടെ മുൻപിൽ ജനസമാനം പെരുമാറണം. കപടമില്ലാത്തവർക്കും ജിജ്ഞാസുക്കൾക്കും ചോദിക്കാതെതന്നെ ഉപദേശം നൽകണം. ധനം, ബന്ധുജനങ്ങൾ, വയസ്സ്, ശ്രേഷ്ഠമായ കർമ്മം, ഉത്തമമായ വിദ്യ ഇവ അഞ്ചും മാന്യതയുടെ സ്ഥാനങ്ങളാകുന്നു. എന്നാൽ ഇവയിൽ ധനത്തേക്കാൾ ഉത്തമം ബന്ധുവും, ബന്ധുവിനേക്കാൾ വയസ്സും, വയസ്സിനേക്കാൾ സത്കര്‍മ്മവും, കർമ്മത്തേക്കാൾ പവിത്രമായ വിദ്യയുള്ളയാളും ഒന്നിനൊന്ന് അധികം ബഹുമാനത്തെ അർഹിക്കുന്നു. സകലശാസ്ത്രങ്ങളും ആപ്തന്മാരായ വിദ്വാന്മാരും അജ്ഞാനിയെ ബാലനെന്നും, ജ്ഞാനിയെ പിതാ”നെന്നും, പറയുന്നു. വയസ്സായതുകൊണ്ടോ, മുടി നരച്ചവെളുത്തതുകൊണ്ടോ, വലിയ ധനവാനായതുകൊണ്ടോ, ഉയർന്ന തറവാട്ടിൽ ജനിച്ചതുകൊണ്ടോ ഒരുവൻ മഹാനാകുന്നില്ല. പഠിപ്പുകൊണ്ടും ജ്ഞാനം കൊണ്ടും നമ്മുടെ ഇടയിൽ വലിയവനാരോ അവനത്രേ മഹാപുരുഷൻ എന്നാണു മഹാത്മാക്കളായ മഹർഷിമാരുടെ നിശ്ചയം.
കടപ്പാട്: 1970-ല്‍ വേദപണ്ഡിതൻ സ്വർഗീയ (ആചാര്യ) നരേന്ദ്രഭൂഷൺ തുടങ്ങിയ ആർഷനാദം (മലയാളത്തിലെ ഏക വൈദിക-ദാർശനിക മാസിക) മേയ്  2009 ലക്കത്തിൽ നിന്നും.

കൂടുതൽ വിവരങ്ങൾക്കും വിശദാംശങ്ങൾക്കും മാസികയ്ക്കും പുസ്തകങ്ങൾക്കും http://arshanadam.co.in
എന്റെ കുറിപ്പ്‌
വേദവും ഉപനിഷത്തും സാധാരണക്കാരന് മനസ്സിലാവില്ലെന്നും ആചാര്യജിയുടെ എഴുത്ത്‌ കഠിനമാണെന്നും പറയുന്നവർക്കുള്ള മറുപടികൂടിയാണ് ഈ കുറിപ്പ്‌. വേദം സാധാരണക്കാരിൽ എത്തിക്കാൻ തന്റെ ജീവിതം ഉഴിഞ്ഞുവച്ച ആ മഹാപ്രതിഭയ്ക്ക്‌ പ്രണാമം.

No comments: