Monday, January 13, 2014

GOD & "miracles"

We do not need "miracles" to believe in GOD. Almost all religions talk about "miracles" of GOD. The whole universe, all species, nature, even our body are the miracles of GOD. GOD doesn't feed anyone or give money directly or help people to do impossible things – it is called blind belief. It is utter stupidity. Don’t mistake me; I am not an atheist, but a very strong believer in Almighty (God, Ishwar Allah, etc.). In simple terms, GOD is not someone who has to prove his existence or show superiority or be happy with praising. Understand GOD (it is just a word in English to denote the Supreme Power, The Creator) properly.  Let us try to understand who or what is GOD. This short & simple interpretation may or may not be accepted by the vast majority of believers. GOD is always only ONE, there cannot be many ‘Gods’. When we talk about ‘Gods’; the basic concept of GOD is lost. GOD is OMNIPOTENT (does not need help of anyone or anything to create the Universe); OMNIPRESENT (not stuck inside some place of worship & does not have to travel from one place to another); OMNISCIENT (capable of doing all things, except doing bad or evil things, as it is against characteristics of GOD); MERCIFUL (The universe itself & all creations are examples of mercy of GOD); JUST (giving the right & justified results of all actions by everyone, including humans – does not pardon sins); and so on. We can spend whole lifetime describing qualities and characteristics of GOD and wonder about them.
Best recommended course of action for humans, according to VEDAS (the most ancient books of knowledge); is to be thankful for our human form (with much higher intelligence & consciousness than other species, which makes us thinking animals), be thankful for this beautiful nature to live with all the resources; try to be & do good for self, family, society, country and world in total. We need to pray God, in three stages.

1.       STHUTI – praising qualities of God, which make us pleasant & shall have devotion;

2.       PRARTHANA – ask for the things for the things we don’t have, so that we realize our short comings & limitations, to crush our ego; (never ask for bad things to happen for others, which is not prayer & will never be answered).

3.       UPASANA – last but not least, the realization of qualities of GOD by which we try to improvise ourselves to that level.
The purpose of all the prayers is to purify us physically, emotionally & intellectually in order make us better human beings. Please do remember one thing; it is for our benefit prayers are done, not for the sake of GOD.
Those who do not want to believe in a Supreme Power or Creator or God, think this way, GOD – Goodness Obviously Done.
May God bless all! GOD is blessing you, whether you believe or not!

As VEDA says “KRUNVANTHO VISHWAMARYAM” – May this whole world be full of noble (good) people; “MANUR BHAVA JANAYA DAIVAM JANAM” – Be human, create generations of the divine ones. “VASUDHIVA KUDUMBAKAM” – May the whole world be one family.

Sunday, January 12, 2014

ഗായത്രീമന്ത്രം - ലളിതമായ വൈദികാർത്ഥം (സ്വ. ആചാര്യ നരേന്ദ്രഭൂഷൺ എഴുതിയത്)


ഗായത്രീമന്ത്രം

ഓം ഭൂര് ഭുവഃ സ്വഃ

 തത്സവിതുര് വരേണ്യം ഭര്ഗോ ദേവസ്യ ധീമഹി.

ധിയോ യോ നഃ പ്രചോദയാത്.
 (ഋഗ്വേദം 3.62.10, യജുര് വേദം 36.3, സാമവേദം 1467)

ഗായത്രീമന്ത്രത്തിന്റെ ലളിതമായ വൈദികാർത്ഥം (സ്വ. ആചാര്യ നരേന്ദ്രഭൂഷൺ എഴുതിയത്)
"ആ ജഗദുത്പാദകനും സകല ഐശ്വര്യപതിയും ചരാചരജഗത്തിലെങ്ങും വ്യാപിച്ച് വർത്തിക്കുന്ന പ്രേരകനും എല്ലാ ഗുണങ്ങളാലും യുക്തനും ആനന്ദൈകരസവും സർവ സുഖദായകനുമായ സർവേശ്വരന്റെ വരണീയവും ശ്രേഷ്ഠവും ഭജനീയവും സാമർത്ഥ്യയുക്തവും പാപവിനാശകവുമായ തേജസ്സിനെ ഞങ്ങള്‍ ധ്യാനിക്കുന്നു. സവിതാവായ ആ ബ്രഹ്മം ഞങ്ങളുടെ ക്രിയാകാരണമായ ബുദ്ധിയെ സകല ദുഷ് പ്രവൃത്തികളിൽ നിന്നും വേറിടുവിച്ച് സത്കർമ്മങ്ങൾ ചെയ്‌വാൻ പ്രേരിപ്പിക്കട്ടെ."
കടപ്പാട്:- വേദപണ്ഡിതന്‍ സ്വ. ആചാര്യ നരേന്ദ്രഭൂഷണ്‍ എഴുതിയ ഉപാസന എന്ന പുസ്തകത്തിലെ സന്ധ്യാവന്ദനം (പുറം 31) എന്ന ഭാഗത്തു നിന്നും.

Thursday, December 12, 2013

വൈദിക ഈശ്വരൻ

വൈദിക ഈശ്വരൻ എന്ന ലേഖനത്തെ ആസ്പദമാക്കിയുള്ള ഈ ചർച്ചയിൽ വൈയക്തിക വിഷയങ്ങൾക്കു പ്രാധാന്യമില്ല എന്നു പറഞ്ഞുകൊണ്ട് എല്ലാവരോടും ആദ്യമേ ക്ഷമാപണം ചെയ്യുന്നു. ഇനി പറയുന്ന കാര്യങ്ങളിൽ തെറ്റോ ആധികാരികതയില്ലായ്മയോ ഉണ്ടെങ്കിൽ ദയവായി ചൂണ്ടികാട്ടുക, യുക്തിയും പ്രമാണവും സഹിതം ആയിരിക്കണം എന്നുമാത്രം. ആദ്യമായി ഒരു വിഡ്ഢിച്ചോദ്യമാകാം, ആരാണ് അല്ലെങ്കിൽ എന്താണ് ഈശ്വരൻ? സർവശക്തനും ദയാലുവും സ്നേഹത്തിന്റെ നിറകുടവും സൃഷ്ടികർത്താവും കാരുണ്യവാരിധിയുമൊക്കെയായ ശക്തി വിശേഷം എന്നു പറഞ്ഞാൽ ആർക്കും വിരോധമുണ്ടാവില്ല എന്നു വിശ്വസിക്കുന്നു. വൈദിക ഈശ്വരൻ എന്നു പറയേണ്ടി വന്നതെന്തുകൊണ്ട്? ഹിന്ദുക്കൾ എന്നു സ്വയം വിശേഷിപ്പിക്കുന്ന ഭാരതീയരിലെ ഭൂരിപക്ഷം ബഹുദൈവാരാധകരാണ് എന്നാണല്ലോ പറയപ്പെടുന്നത്. അനേക രൂപങ്ങളിൽ, ഭാവങ്ങളിൽ ഈശ്വരാരാധന നടത്തുന്നു സനാതനധർമ്മികൾ. ആത്മീയ വിഷയങ്ങളിൽ അറിവുള്ളവരൊക്കെ പറയാറുണ്ട്‌, രൂപങ്ങളിലൂടെ അവയ്ക്കപ്പുറം നിരാകാരനായ ബ്രഹ്മത്തെ (പരബ്രഹ്മത്തെ) ആണ് ഉപാസിക്കുന്നത് എന്ന്. ഇതിനെയാണ് മോക്ഷമൂല്യർ (Max Muller) പറഞ്ഞ ഹെനൊതീയിസം (Henotheism) എന്നു വിശേഷിപ്പിച്ചത്. ഇവിടെ ചോദ്യം ഇതാണ്, ഇതു ശരിയാണോ? ഇതിന് ഉത്തരം കണ്ടുപിടിക്കാൻ ശ്രമിക്കാം. തുടക്കം വേദത്തിൽ ആവുന്നതിൽ ആർക്കും വിരോധമുണ്ടാവില്ല എന്നു വിശ്വസിക്കുന്നു.
ഈശ്വരനെ ആരാധിക്കുന്ന വിഷയം ചർച്ച ചെയ്യുന്നിടത്ത് വേദത്തിന് എന്താണ് പ്രസക്തി എന്നു നോക്കാം. ലോകത്തിലെ ആദ്യ സാഹിത്യം (വാമൊഴിയും വരമൊഴിയും) വേദമാണ് എന്ന് പൊതുവേ അംഗീകരിച്ചതാണ്, ഭാരതീയരും പാശ്ചാത്യരും. ഭാരതീയ സംസ്കാരത്തിന്റെ അടിത്തറ വേദങ്ങളാണെന്നു പറഞ്ഞത്‌ ഋഷീശ്വരന്മാരാണ്. എല്ലാ ഭാരതീയ ആചാര്യന്മാരും പണ്ഡിതരും ഇത് അംഗീകരിച്ചിട്ടുണ്ട്, ചാർവാകന്മാരും ബൗദ്ധജൈനരും ഒഴികെ. വേദോഖില ധർമ്മമൂലഃ എല്ലാ ധർമ്മങ്ങളുടെയും മൂലം വേദമാണെന്നു പറഞ്ഞത്‌ മനുവാണ്. ഇനി എന്താണ് വേദം? വേദമെന്നാൽ അറിവാണ് എന്ന് എല്ലാ പണ്ഡിതരും സമ്മതിക്കും എന്നു വിശ്വസിക്കുന്നു. എന്താണ് വേദത്തിലെ പ്രധാന വിഷയങ്ങൾ? ഋഗ്വേദം സ്തുതിയും, യജുര്‍വേദം കർമ്മവും, സാമവേദം ഉപാസനയും, അഥര്‍വവേദം സംരക്ഷണവും മുഖ്യമായി പ്രതിപാദിക്കുന്നു. അപ്പോൾ ചോദ്യങ്ങൾ വരാം. ആരെ, എന്തിനു ആരു്, എങ്ങനെ സ്തുതിക്കണം? ഈശ്വരനെ, വിശേഷബുദ്ധിയുള്ള മനുഷ്യർ; സ്തുതി, പ്രാർത്ഥന, ഉപാസനകളിലൂടെ. എന്തിനു കർമ്മം ചെയ്യണം? തനിക്കും ലോകത്തിനും നന്മയുണ്ടാവാൻ കർമ്മം ചെയ്തേ പറ്റൂ (ഇതു മനുഷ്യവർഗ്ഗത്തിനു മാത്രമുള്ള വിശേഷബുദ്ധിയുള്ളതുകൊണ്ടാണ്). എന്തിനു  ഉപാസിക്കണം? ആത്മശുദ്ധീകരണത്തിനുള്ള വഴിയാണ് ഉപാസന. എന്തിനെ, എന്തിനു സംരക്ഷിക്കണം? വേദമെന്ന അറിവിനെ വരുംതലമുറകൾക്കായി, അവരുടെ നന്മയ്ക്കായി സംരക്ഷിക്കുക മാനവധർമ്മമാണ്. (തന്നിലില്ലാത്തതും ഈശ്വരനിലുള്ളതുമായ ഗുണങ്ങൾ ഘോഷിക്കുന്നത് സ്തുതിയും, തനിക്കില്ലാത്ത ഗുണങ്ങൾ കിട്ടാൻ പ്രകർഷേണ അർത്ഥിക്കുന്നത് അപേക്ഷിക്കുന്നത് പ്രാർത്ഥനയും, ഈശ്വരന്റെ ഗുണകർമ്മസ്വഭാവങ്ങൾ പോലെ സ്വന്തം ഗുണകർമ്മസ്വഭാവങ്ങളെ ശ്രേഷ്ഠവും പവിത്രവും ആക്കാൻ ശ്രമിക്കുന്നത് ഉപാസനയും ആണ്.) വേദത്തിൽ ഈ ത്രയീവിദ്യയാണ് ഉള്ളതെന്ന് പണ്ഡിതർക്ക് അറിയാം.

ഇങ്ങനെയൊക്കെയുള്ള വേദത്തെ ശരിയായി മനസ്സിലാക്കാൻ എന്താണ് ശരിയായ വഴി? സായണാചാര്യന്റെ യാജ്ഞിക ഭാഷ്യമോ മഹീധര-ഉവ്വടരുടെ അശ്ലീലഭാഷ്യമോ അല്ല ശരിയായ വേദഭാഷ്യം. എന്തുകൊണ്ട്? സായണാചാര്യന്റെ ഭാഷ്യത്തിൽ ദേവതകളെ ദൈവങ്ങളാക്കി അവതരിപ്പിച്ചപ്പോൾ പണ്ഡിതന്മാർക്കുപോലും ദൈവസങ്കല്പം വികലമായി. പിന്നെ എന്തിനെ അടിസ്ഥാനമാക്കിയാവണം വേദഭാഷ്യം ഉണ്ടാവേണ്ടത്. വേദം വേദാംഗങ്ങളും ഉപാംഗങ്ങളും സഹിതം സമ്പൂർണ്ണമായി പഠിച്ചാൽ വേദാർത്ഥം തെളിയും. ഇതിനു ഏതെങ്കിലും ആചാര്യനോടു വിധേയത്വം ഉണ്ടാവണമെന്ന വാശിയില്ല എന്നറിയുന്നത് നല്ലതാണ്. പക്ഷെ സത്യം മനസ്സിലാക്കാൻ ബുദ്ധിമുട്ടാണ്, അതിലും പാടാണ് ഉള്‍ക്കൊള്ളാൻ, ഏറ്റവും പാടാണ് അംഗീകരിക്കാൻ. പരമ്പരാഗത വിശ്വാസങ്ങളെ മറ്റാൻ ബഹുഭൂരിപക്ഷം ആളുകളും തയ്യാറല്ല എന്നതാണ് യാഥാർത്ഥ്യം. അതിനെ ന്യായീകരിക്കാൻ യുക്തിയില്ലാത്ത ന്യായങ്ങളെ വരെ അവലംബിക്കും എന്നാണ് ചരിത്രം തെളിയിച്ചിട്ടുള്ളത്. ഇങ്ങനെയൊക്കെ പറഞ്ഞത്‌ പലർക്കും ഇഷ്ടപ്പെടുമോ എന്നറിയില്ല.

Thursday, November 28, 2013

ആചാര്യവാണി 26-11-2013 (ആചാര്യ) നരേന്ദ്രഭൂഷൺ

തന്മേ ശിവസങ്കല്പമസ്തു എന്റെ മനസ്സ് ആർക്കും ഹാനി വരുത്തരുതെന്ന് ആഗ്രഹിക്കുന്നതാകട്ടെ
ഹേ അഗ്നേ പ്രകാശസ്വരൂപനായ സർവ്വേശ്വരാ അവിടുന്ന്‍ ദയവുചെയ്ത്, ഏതൊരു ബുദ്ധിയെയാണോ വിദ്വാന്മാരും ജ്ഞാനികളും യോഗികളും ഉപാസിക്കുന്നത്, ആ ബുദ്ധി നല്കി ഞങ്ങളെ ബുദ്ധിമാന്മാരാക്കിയാലും! ഭഗവന്‍! അവിടുന്നു പ്രകാശരൂപിയാകുന്നു. ദയവുചെയ്ത് എന്നിലും പ്രകാശത്തെ പ്രതിഷ്ഠിച്ചാലും. അവിടുന്ന്‍ അളവറ്റ പരാക്രമമുള്ളവനാണ്, കൃപ ചെയ്ത് എന്നിലും ബലം പകർന്നാലും. അവിടുന്ന്‍ അനന്തമായ സാമർത്ഥ്യമുള്ളവനാണ്, എനിക്കും പൂർണ്ണസാമർത്ഥ്യം നല്‍കിയാലും. അവിടുന്ന്‍ ദുഷ്ടകർമ്മങ്ങളുടെ നേരെയും ദുഷ്ടജനങ്ങളുടെ നേരെയും ക്രോധത്തോടുകൂടിയവനാണ്, എന്നെയും അപ്രകാരമാക്കിയാലും. അവിടുന്ന്‍ നിന്ദാസ്തുതികളേയും തന്നോടുള്ള അപരാധങ്ങളേയും ക്ഷമിക്കുന്നവനാണ്. ദയവുചെയ്ത് എന്നെയും അപ്രകാരമാക്കണേ. ദയാനിധേ! നിന്തിരുവടിയുടെ കരുണകൊണ്ട് എന്റെ മനസ്സ്‌ ജാഗ്രദവസ്ഥയിൽ വളരെ ദൂരത്തേക്കു പോകുന്നു, ദിവ്യഗുണയുക്തമായി സ്ഥിതി ചെയ്യുകയും ചെയ്യുന്നു. ആ മനസ്സുതന്നെ ഞാൻ ഉറങ്ങുമ്പോൾ സുഷുപ്തിയെ പ്രാപിക്കുന്നു. സ്വപ്നാവസ്ഥയിൽ അതെ മനസ്സ്‌ ദൂരെ ചെല്ലുന്നതുപോലെ വ്യവഹരിക്കുന്നു. എല്ലാ പ്രകാശിത വസ്തുക്കളേയും പ്രകാശിപ്പിക്കുന്ന എന്റെ മനസ്സ് ശിവസങ്കല്പ തനിക്കും മറ്റുള്ളവർക്കും നന്മയാഗ്രഹിക്കുന്നത് യുക്തമാകട്ടെ. ആർക്കും ഹാനി വരുത്തരുതെന്ന് ആഗ്രഹിക്കുന്നതാകട്ടെ.
കടപ്പാട്: 1970-ൽ വേദപണ്ഡിതൻ സ്വർഗീയ (ആചാര്യ) നരേന്ദ്രഭൂഷൺ തുടങ്ങിയ ആർഷനാദം (മലയാളത്തിലെ ഏക വൈദിക-ദാർശനിക മാസിക) 2009 ജൂലൈ ലക്കത്തിൽ നിന്നും.
കൂടുതൽ വിവരങ്ങൾക്കും വിശദാംശങ്ങൾക്കും മാസികയ്ക്കും പുസ്തകങ്ങൾക്കും http://arshanadam.co.in
എന്റെ കുറിപ്പ്‌
വേദവും ഉപനിഷത്തും സാധാരണക്കാരന് മനസ്സിലാവില്ലെന്നും ആചാര്യജിയുടെ എഴുത്ത്‌ കഠിനമാണെന്നും പറയുന്നവർക്കുള്ള മറുപടികൂടിയാണ് ഈ കുറിപ്പ്‌. വേദം സാധാരണക്കാരിൽ എത്തിക്കാൻ തന്റെ ജീവിതം ഉഴിഞ്ഞുവച്ച ആ മഹാപ്രതിഭയ്ക്ക്‌ പ്രണാമം.

Sunday, November 17, 2013

വേദങ്ങൾ - (ആചാര്യ) നരേന്ദ്രഭൂഷണ്‍

"മാനവരാശിയുടെ ഇതപര്യന്തമുള്ള വായനയുടെ ചരിത്രത്തിൽ നാം കണ്ടെത്തുന്ന ദിവ്യാദ്ഭുതം വേദങ്ങൾ തന്നെയാണ്. വേദമാകുന്ന ആ അപൗരുഷേയ ജ്ഞാനധാരയെ പൗരുഷേയബോധത്തിലേക്ക് ഉറപ്പിക്കുന്ന പ്രാചീന ഋഷിപാരമ്പര്യത്തിന്റെ പുണ്യപഥമാണ് ആധുനിക മഹർഷി ദയാനന്ദന്റെ സാഹിത്യകൃതികളെല്ലാം. അവ നമുക്ക്‌ നല്കുന്ന ദിശാബോധം വിജ്ഞാനത്തിന്റെ ബോദ്ധ്യങ്ങൾ മാത്രമല്ല ആത്മബോധത്തിന്റെയും പരമാത്മസാക്ഷാത്കാരത്തിന്റേയും കൂടി അനുഭൂതിയാണ്. ഗൃഹസ്ഥാശ്രമിയുടെ കിടപ്പറയില്‍ ആരംഭിക്കുന്ന ആ ഋഷിബോധോത്സവം, സന്യാസവും കഴിഞ്ഞ് യോഗിയുടെ ബാഹ്യാന്തര പ്രത്യക്ഷത്തില്‍ ആറാടുന്നതാണ്. കര്‍മ്മപാരമ്പര്യത്തിന്റെ മഹദ്‌പുണ്യം പേറുന്ന ജന്മങ്ങൾക്കേ അതിന്റെ തീരത്ത്‌ തപസ്സ് ചെയ്യാന്‍ സാധിക്കൂ."
-- സ്വർഗീയ (ആചാര്യ) നരേന്ദ്രഭൂഷണ്‍
(ഈ കാലഘട്ടത്തിലെ ഏറ്റവും പ്രഗല്‍ഭനായ വേദപണ്ഡിതൻ, സ്വജീവിതം വേദപ്രചരണത്തിന് ഉഴിഞ്ഞുവച്ച മഹാന്‍)‍ --

സ്വദേശത്തിന് ദാരിദ്ര്യവും ദുഃഖവും - ആചാര്യവാണി 18-11-2013 (ആചാര്യ) നരേന്ദ്രഭൂഷൺ

ആചാര്യവാണി 18-11-2013 (ആചാര്യ) നരേന്ദ്രഭൂഷൺ
സ്വദേശത്തിന് ദാരിദ്ര്യവും ദുഃഖവും
നല്ലതു ചെയ്യുന്നവരാണ് നാമെങ്കിൽ വിദേശത്തേക്കോ ദ്വീപാന്തരങ്ങളിലെക്കോ പോകുന്നതിൽ ഒരു ദോഷവും ഇല്ല. പാപം ചെയ്താലേ ദോഷമുണ്ടാകൂ. അത്യാവശ്യമായത് ഇതാണ്. വേദോക്തമായ ധർമ്മത്തിൽ നിശ്ചയം വേണം. പാഷണ്ഡന്മാരുടെ ചെയ്തികളെ ഖണ്ഡിക്കാൻ പഠിക്കണം. അപ്പോൾ ശരിയല്ലാത്ത നിശ്ചയങ്ങളെടുക്കാൻ ഇടവരില്ല. വിദേശങ്ങളിലോ ദ്വീപാന്തരങ്ങളിലോ ചെന്ന്‍ ഭരണമോ വ്യാപാരമോ നടത്താതെ സ്വദേശത്തിന് എപ്പോഴെങ്കിലും പുരോഗതിയുണ്ടാകുമേന്നാണോ? ഒരു നാട്ടിലുള്ളവർ അവിടെത്തന്നെ ജീവിക്കുകയും വിദേശികൾ വന്ന്‍ വ്യവസായമോ നാടുവാഴ്ചയോ നടത്തുകയും ചെയ്താൽ ദാരിദ്ര്യവും ദുഃഖവുമല്ലാതെ മറ്റൊന്നും ഉണ്ടാവുകയില്ല. ആരും പരസ്പരം ചൂഷണം ചെയ്യാൻ പാടില്ല എന്നതാണ് ഇവിടെ പാലിക്കേണ്ട ധർമ്മം.”
കടപ്പാട്: 1970-ല്‍ വേദപണ്ഡിതൻ സ്വർഗീയ (ആചാര്യ) നരേന്ദ്രഭൂഷൺ തുടങ്ങിയ ആർഷനാദം (മലയാളത്തിലെ ഏക വൈദിക-ദാർശനിക മാസിക) മേയ്  2009 ലക്കത്തിൽ നിന്നും.

കൂടുതൽ വിവരങ്ങൾക്കും വിശദാംശങ്ങൾക്കും മാസികയ്ക്കും പുസ്തകങ്ങൾക്കും http://arshanadam.co.in
എന്റെ കുറിപ്പ്‌
വേദവും ഉപനിഷത്തും സാധാരണക്കാരന് മനസ്സിലാവില്ലെന്നും ആചാര്യജിയുടെ എഴുത്ത്‌ കഠിനമാണെന്നും പറയുന്നവർക്കുള്ള മറുപടികൂടിയാണ് ഈ കുറിപ്പ്‌. വേദം സാധാരണക്കാരിൽ എത്തിക്കാൻ തന്റെ ജീവിതം ഉഴിഞ്ഞുവച്ച ആ മഹാപ്രതിഭയ്ക്ക്‌ പ്രണാമം.

ആചാര്യവാണി – വേദത്തിലെ രൂപക ഇരട്ടകൾ - (ആചാര്യ) നരേന്ദ്രഭൂഷൺ

ആചാര്യവാണി – വേദത്തിലെ രൂപക ഇരട്ടകൾ - (ആചാര്യ) നരേന്ദ്രഭൂഷൺ
വേദത്തിൽ അനിത്യമായ ലൗകിക ഇതിഹാസമൊന്നും ഇല്ല. ഏതെങ്കിലും വ്യക്തിയുടെയോ പ്രദേശത്തിന്റെയോ ചരിത്രം അനിത്യമായതുകൊണ്ട് അതിന് വേദത്തിൽ ഇടയില്ല.
ഉദാഹരണത്തിന് സത്യവാൻ സാവിത്രി, യമൻ-യമി, പൂരൂരവസ്സ്-ഉർവശി തുടങ്ങിയ ഇരട്ടകളുടെ വർണ്ണന വേദത്തിലുണ്ട്. ഇവ ലൗകികാഖ്യാനങ്ങളല്ല. വേദത്തിൽ സത്യവാൻ സൂര്യനും സാവിത്രി സൂര്യശക്തിയായ രശ്മിയുമാണ്. സായാഹ്നം സത്യവാന്റെ സൂര്യന്റെ യമാലയഗമനം തുട...
ങ്ങുന്ന വേളയാണ്. യമനിൽ നിന്നു ഗണിച്ചെടുക്കുന്ന സമയത്തിനു യാമമെന്നു പറയുന്നു. യമിയാകട്ടെ യമന്റെ സഹോദരിയാണെന്ന് സങ്കല്പം. കാലത്തിന്റെ ഒപ്പം ഉണ്ടായതും നിലനിക്കുന്നതും അന്തർദ്ധാനം ചെയ്യുന്നതുമായതെല്ലാം യമിയെന്ന സംജ്ഞയിൽ വരും. ധർമ്മവും ധർമ്മിയും പോലാണീ സംജ്ഞകളും. ധർമ്മത്തിന്റെ് അവയവംപോലെ വർത്തിക്കുന്നതാണല്ലോ ധർമ്മി. യമനും യമിയും ഇതുപോലെതന്നെ. സത്യവാൻ-സൂര്യൻ-യമൻ അഥവാ കാലചക്രത്തിനു വിധേയമായി സന്ധ്യയ്ക്ക്‌ അസ്തമിക്കുന്നു. അപ്പോൾ പ്രകാശം-സാവിത്രി തപസ്സാരംഭിക്കുന്നെന്നു സങ്കൽപം. രാത്രിയാകുന്ന യമസന്നിധിയിൽനിന്ന് സാവിത്രി സത്യവാനെ വീണ്ടെടുത്തുകൊണ്ടുവരുന്നു. അതുകൊണ്ടാണ് പ്രകാശം-സാവിത്രി മുൻപേയും സത്യവാൻ-സൂര്യൻ പിൻപേയും പ്രഭാതത്തിൽ വരുന്നത്. പ്രളയമെന്ന ദീർഘരാത്രിയ്ക്കു ശേഷവും ഇതുതന്നെ സംഭവിക്കുന്നു. പൂരൂരവസ്സ് ഉച്ചസ്വരത്തിലുള്ള മേഘഗർജ്ജനവും ഉർവശി ഭൂമിയിലേക്കു പായുന്ന വിദ്യുത്തുമാണ്. ഇടിയും മിന്നലും എന്നർത്ഥം.
കാളിദാസൻ വിക്രമോർവ്വശീയം എഴുതിയത് വേദത്തിലെ സംജ്ഞകളെടുത്ത് കഥ നിർമ്മിച്ചതാണ്. പിരിയാത്ത ഇരട്ടകളിൽ ഒന്ന് പാഞ്ഞുപോയി അന്തർദ്ധാനം ചെയ്യുന്ന കമിതാക്കളുടെ കഥയിൽ ഇതിലും നല്ല സംജ്ഞകളൊന്നും ഇല്ലായ്കയാൽ കവി അവയെ സ്വീകരിച്ചതാണ്. വേദത്തിലെ കഥ കാളിദാസന്റെ വിക്രമോർവ്വശീയത്തിലേതല്ല. വേദത്തിലെ സംജ്ഞാർത്ഥങ്ങളായ ഇടിമിന്നലുകൾ ഉർവശി-പൂരൂരവസ്സുകളെന്ന കഥാപാത്രങ്ങളാകാൻ സർവഥാ ചേർച്ചയുള്ളതുതന്നെ. ഈ അനിത്യകഥ വേദാർത്ഥമായി പറയുന്ന പക്ഷം അനൗചിത്യം വന്നുകൂടും. ഈ അനുചിതവൃത്തിയാണ് പല ആധുനിക ഭാഷ്യകർത്താക്കളും വേദവ്യാഖ്യാനത്തിൽ അനുവർത്തിക്കുന്നതും.
കടപ്പാട്:- (ആചാര്യ) നരേന്ദ്രഭൂഷൺ രചിച്ച “ഉപനയനം എന്ത്? എന്തിന്?” എന്ന പുസ്തകത്തിലെ രണ്ടാം അദ്ധ്യായം, പുറം ൧൩-൧൪ (13-14) ൽ നിന്നും