Tuesday, August 13, 2013

ചതുര് വേദസംഹിത – ഒരു ചെറുവിവരണം

 വേദങ്ങൾ നാലാണ് – ഋഗ്വേദം, യജുർവേദം, സാമവേദം, അഥർവവേദം. അവ മാനവസംസ്കൃതിയുടെ ആദിമ സാഹിത്യമാണ് എന്ന സത്യം ഇന്ന് ലോകം മുഴുവൻ അംഗീകരിക്കുന്നു. ആദിമകാലത്ത് വാമൊഴിയായി പകർന്നു നല്കിയ പാരമ്പര്യം ഇന്നും തുടർന്നുപോരുന്നു. ഏതാനും സഹസ്രാബ്ദങ്ങൾ മാത്രമേ ആയിട്ടുള്ളൂ അവ പുസ്തകരൂപത്തിൽ ആയിട്ട്. വൈദികസംസ്കൃതത്തിൽ ഉള്ള വേദങ്ങളുടെ സവിശേഷതകളിൽ ചിലത് – വേദങ്ങളിൽ മന്ത്രങ്ങള്‍ ആണുള്ളത്, അവ വൈദിക സംസ്കൃതത്തിൽ ആണുള്ളത് (സാധാരണ ഉപയോഗിക്കുന്ന സംസ്കൃതത്തിൽ നിന്നും വളരെ വികസിതവും വിശാലവും ആണിത്), സവിശേഷവും തനതും അപൂർവവുമായ വ്യാകരണം, ഉച്ചാരണം, മറ്റൊരു ഭാഷയിലും ഉപയോഗിക്കാത്ത അത്യപൂർവ ചിഹ്നങ്ങൾ, അനേകം അർത്ഥതലങ്ങൾ, വേദമന്ത്രങ്ങളിൽ  ആർക്കും ഒരക്ഷരമോ സ്വരമോ പോലും ഒരുതരത്തിലും
കൂട്ടിച്ചേര്‍ക്കാനോ എടുത്തുമാറ്റുവാനോ സാധിക്കാത്ത തരത്തിലുള്ള എട്ടു അന്യൂനമായ സംരക്ഷണരീതികൾ (ജടാ, മാലാ, ശിഖാ, ലേഖാ, ധ്വജം, ദണ്ഡം, രഥം, ഘനം), അങ്ങനെ പോകുന്നു.
വേദങ്ങൾ മലയാളലിപിയിൽ അക്ഷരത്തെറ്റില്ലാതെ ഇതുവരെ പ്രസിദ്ധീകരിക്കുവാൻ കഴിഞ്ഞിരുന്നില്ല, പല കാരണങ്ങളാല്‍. ഇപ്പോൾ, മലയാളികളുടെ സൗഭാഗ്യമായി, ഈ കാലഘട്ടത്തിലെ ഏറ്റവും പ്രഗല്ഭനായ വേദപണ്ഡിതൻ സ്വർഗീയ (ആചാര്യ) നരേന്ദ്രഭൂഷൺ നാലു വേദങ്ങളെയും മലയാളലിപ്യന്തരണവും സംശോധനവും നടത്തി – “ചതുര് വേദസംഹിത” എന്ന പേരില്‍. 2000-ല്‍ ആചാര്യജി സ്വന്തമായി പ്രസിദ്ധീകരിച്ച ഈ മഹദ്‌ഗ്രന്ഥം 2001-ല്‍ മാതാ അമൃതാനന്ദമയീ മഠത്തിന്റെ ആദ്യ അമൃതകീര്ത്തി പുരസ്കാരത്തിന് അദ്ദേഹത്തിനെ അര്ഹനാക്കി. പിന്നീട് 2011-ല്‍ മാതൃഭൂമി ഇതിന്റെ വിപുലീകരിച്ച പതിപ്പിറക്കി, വിവിധ വൈദിക പഠനങ്ങളുമായി 1000 അധികം പുറങ്ങൾ ചേര്ത്ത് . അസാധാരണമായ പ്രതികരണം ആയിരുന്നു വായനക്കാരിൽ നിന്നും, അവര്‍ ഈ മഹദ്‌ കൃതിയെ രണ്ടു കയ്യും നീട്ടി ഏറ്റുവാങ്ങി. മുഴുവൻ പ്രതികളും വിറ്റുപോയതിനാൽ, 2012-ല്‍ രണ്ടാം പതിപ്പും ഇറക്കി.
മലയാള പ്രസിദ്ധീകരണ ചരിത്രത്തിലെ നാഴികക്കല്ലായി മാറിയ ഈ ഗ്രന്ഥം 4000-ല്‍ അധികം പുറങ്ങളിലായി നാലു വാല്യങ്ങളിൽ പരന്നുകിടക്കുന്നു. 1000-ല്‍ അധികം പുറങ്ങളുള്ള ആദ്യ വാല്യം ചതുവേദപര്യടനം എന്ന ബൃഹത്തായ പഠനം, മഹര്ഷി ദയാനന്ദ സരസ്വതിയുടെ ഋഗ്വേദാദി ഭാഷാഭൂമികയുടെ മലയാള പരിഭാഷയായ “വേദപര്യടനം” എന്നിവ അടക്കം അനേകം വൈദികപഠനങ്ങൾ ഉള്പ്പെപടുന്നതാണ്. 1000-ല്‍ അധികം പുറങ്ങളുള്ള രണ്ടാം വാല്യം ഋഗ്വേദസംഹിത - മൂല മന്ത്രങ്ങൾ (സംസ്കൃതത്തിൽ) സ്വരാങ്കനങ്ങൾ സഹിതവും, മലയാളലിപിയിലും; പ്രധാന സൂക്തങ്ങളുടെയും മന്ത്രങ്ങളുടെയും അര്ത്ഥം മലയാളത്തിൽ വിശദീകരിച്ചിട്ടുണ്ട്. മൂന്നാം വാല്യം യജുർവേദസംഹിതയും സാമവേദസംഹിതയും - മൂല മന്ത്രങ്ങൾ (സംസ്കൃതത്തിൽ) സ്വരാങ്കനങ്ങൾ സഹിതവും, മലയാളലിപിയിലും; പ്രധാന സൂക്തങ്ങളുടെയും മന്ത്രങ്ങളുടെയും അര്ത്ഥം മലയാളത്തിൽ വിശദീകരിച്ചിട്ടുണ്ട്. നാലാം വാല്യം അഥർവവേദസംഹിത - മൂല മന്ത്രങ്ങൾ (സംസ്കൃതത്തിൽ) സ്വരാങ്കനങ്ങൾ സഹിതവും, മലയാളലിപിയിലും; പ്രധാന സൂക്തങ്ങളുടെയും മന്ത്രങ്ങളുടെയും അര്ത്ഥം മലയാളത്തിൽ വിശദീകരിച്ചിട്ടുണ്ട്.
എല്ലാവരും നിര്ബന്ധമായും വാങ്ങിക്കുകയും വായിക്കുകയും തലമുറകള്ക്ക് ‌ പുസ്തകത്തോടൊപ്പം വേദങ്ങളുടെ സന്ദേശം എത്തിക്കുകയും വേണം. വേദപ്രചാരണത്തിന് സ്വജീവിതം ഉഴിഞ്ഞുവച്ച മഹാമനീഷിയായ ആചാര്യജിയ്ക്കുള്ള ഗുരുദക്ഷിണയുടെ ഭാഗമായി ഈയുള്ളവന്‍ ഇത്തരം പ്രവര്ത്തി കളെ കാണുന്നു.
- വിജയകുമാർ മേനോൻ (൧൩ ജൂലൈ ൨൦൧൩ – 13 July 2013)

കടപ്പാട്:- അപൂർണ്ണവും അപക്വവും ആയ ഈ ലേഖനത്തിലുള്ള എല്ലാ നന്മകൾക്കും കാരണം; ഞാന്‍ ഗുരുസ്ഥാനത്തു കാണുന്ന സ്വർഗീയ (ആചാര്യ) നരേന്ദ്രഭൂഷൺ, അദ്ദേഹത്തിന്റെ പ്രിയ പത്നിയും മഹാ വിദുഷിയും ഞങ്ങളുടെ ആചാര്യയുമായ ശ്രീമതി കമലാ നരേന്ദ്രഭൂഷൺ, അദ്ദേഹത്തിന്റെ പ്രിയപുത്രനും അസാമാന്യ വേദപണ്ഡിതനുമായ ശ്രീ. വേദപ്രകാശ്‌, ആചാര്യജി 1970-ല്‍ തുടങ്ങിയ ആർഷനാദം വൈദിക മാസിക, എന്നിവരാണ്. ഇതിലുള്ള എല്ലാ അപാകതകള്ക്കും നൂറുശതമാനം ഉത്തരവാദി ഞാനും അതിനുള്ള കാരണങ്ങൾ എന്റെ അലസത, അജ്ഞത, അവിവേകം എന്നിവയാണ്. ആചാര്യജിയുടെ പവിത്രപാത തുടരാൻ ശ്രമിക്കുന്ന ഒരു എളിയവന്റെ ശ്രമമായി കരുതി, പണ്ഡിതര്‍ ദയവായി ക്ഷമിക്കുക.
 

No comments: