Tuesday, February 12, 2013

അഗ്നീമീളേയുടെ അര്‍ത്ഥലബ്ധി - ആചാര്യ നരേന്ദ്രഭൂഷണ്‍


അഗ്നീമീളേയുടെ അര്‍ത്ഥലബ്ധി

ആചാര്യ നരേന്ദ്രഭൂഷണ്‍

ആമ്നായങ്ങള്‍ എന്നുകൂടി പര്യായ സംജ്ഞയുള്ള വേദങ്ങൾ സംഹിതാരൂപത്തിലാണ്. ആമ്നായത്തിന്റെം അര്‍ത്ഥവും ഏറെക്കുറെ ഇതുതന്നെ. സംഹിതാരൂപത്തിൽ സമാഹൃതമായ വേദങ്ങൾ അര്‍ത്ഥബോധത്തിനുതകുന്ന മന്ത്രങ്ങളായി വിഭജിക്കേണ്ടതുണ്ട്. ഈ വിഭജന പ്രക്രിയ സൂക്തങ്ങൾ, സൂക്തികൾ, പദങ്ങൾ, ധാതുക്കള്‍ എന്നിങ്ങനെ സൂക്ഷ്മാംശത്തില്‍ ചെന്നെത്തണം. ധാതുക്കളില്‍ നിന്ന് ക്രമേണ നിശ്ചിതവും മനീഷികളാല്‍ നിര്‍ദ്ദിഷ്ടമായ സൂക്ഷ്മതലത്തിലേയ്ക്ക്‌ കടന്നുചെന്ന് അര്‍ത്ഥബോധനക്ഷമത കൈവരിക്കണം. ഇങ്ങനെ അക്ഷരത്തിനോ പദത്തിനോ ഉണ്ടായിവരുന്ന ആശയത്തിന് സംജ്ഞാര്‍ത്ഥം  എന്ന് പറയാം. ഇവിടെ മുതല്‍ സംജ്ഞ കല്പിതമാവുകയായി. തൂപരപശുവിനെ വപ എടുക്കുവാന്‍ പാകത്തില്‍ ആക്കിക്കഴിയുമ്പൊൾ ശമിതാക്കൾ സംജ്ഞപ്തഃ എന്ന് ഘോഷിക്കുന്നതായി അശ്വമേധപ്രകരണത്തില്‍ പറഞ്ഞിട്ടുണ്ടല്ലോ. അതുപോലെ വൈദികസംജ്ഞകളുടെ അര്‍ത്ഥം  വപാരൂപത്തിൽ പുറത്തുവരാൻ ജിജ്ഞാസയുടെ ശമിതാക്കള്‍ പദപശുവിനെ സംജ്ഞപ്തമാക്കണം. ഇത് വേദാര്‍ത്ഥക്രിയയാകുന്നു. ഇങ്ങനെ സംജ്ഞപ്തമായ സംജ്ഞകള്‍ കൊണ്ട് വേദാര്‍ത്ഥജജിജ്ഞാസുവിന് യഥാ മതി വേദാര്‍ത്ഥമേധം ചെയ്യാവുന്നതാണ്. വേദാര്‍ത്ഥം സിമിതമാക്കാവുന്നതല്ല എന്നുപറയുന്നതിന്റെ  താല്പര്യം ഇതുതന്നെ.
അഗ്നിമ്, ഈളേ എന്ന രണ്ടു സംജ്ഞകൾ ഇതിന്റെ വിശദീകരണത്തിന് ഉദാഹരണമായി എടുക്കാം. എട്ടു പദങ്ങളുളള മന്ത്രത്തിന്റെ ആദ്യത്തെ രണ്ടു പദങ്ങളാണിത്. ഈ എട്ടു പദങ്ങളും തമ്മില്‍ പൂര്‍വാപരബന്ധമുണ്ട്. അതു നാം ഇവിടെ ചര്‍ച്ചചെയ്യുന്നില്ല. കേവലം അഗ്നിമ്, ഈളേയിലൊതുങ്ങാം. അതില്‍നിന്ന് എന്തു വപയെടുക്കാം എന്ന്‍ നോക്കാം. അഗ്നി നാമമാണ്, ഈളേ ക്രിയയും. അഗ്നിയെ ഞാന്‍ സ്തുതിക്കുന്നു എന്നാണര്ത്ഥം എന്നു വൈയാകരണന്‍ പറയുന്നു. അഗ്നി എവിടെ നിന്നു വന്നു എന്ന ചോദ്യത്തിന് വൈയാകരണന്റെ പക്കൽ ഉത്തരമില്ല. കല്പകാരന്റെ പക്കലേ ഉള്ളൂ. അരണികളുടെ മേളനത്തില്‍നിന്ന് എന്ന്‍ കല്പകാരൻ ഉത്തരം പറയും. അരണികളുടെ മേളനം എങ്ങനെ സംഭവിക്കുന്നു എന്ന്‍ ചോദിച്ചാൽ ഇച്ഛാശക്തിയാൽ എന്നുത്തരമായി. എന്ത് ഇച്ഛ? ആര്ക്ക് ? എന്ന ചോദ്യത്തിനുത്തരം പെട്ടെന്ന്‍ ലഭിക്കില്ല. അതിന് സാംഖ്യ-വൈശേഷിക ദര്‍ശനങ്ങളില്‍ വ്യാപരിക്കണം. ജീവാത്മാവിന്റെ പ്രകാശതാപങ്ങളുടെ ലബ്ധിക്കുളള ഇച്ഛ അരണികളിൽ മറഞ്ഞിരിക്കുന്നു. അഗ്നിയെ ഘര്‍ഷണത്തിലൂടെ മീളുന്ന അഭ്യുദയമായി കാണാൻ കഴിയണം. അഗ്നി ജ്വലിച്ചു, നന്നായി എന്ന്‍ ശമിതാവ്‌ ഘോഷിക്കുന്നു. അങ്ങനെ നാലക്ഷരമുണ്ടായി, അര്‍ത്ഥവത്തായി, സംജ്ഞപ്തമായി, സ്തുതിയായി, അഗ്നീമീളേ.
അഗ്നിജ്വലനം ഒരുതരം ഗതിയാണെന്ന് വൈയാകരണന്‍. തടിയിലന്തര്‍ഗതമായിരുന്നാലും അരണിയിൽ നിന്നും ബഹിര്‍ഗമിച്ചാലും ഗമനം അല്ലെങ്കില്‍ ഗതിതന്നെയാണ്. അതുകൊണ്ട് അഗ് എന്നു പറഞ്ഞാല്‍ ഗതി എന്നര്ത്ഥം എടുത്തുകൊള്ളൂ എന്ന വൈയാകരണ നിര്‍ദ്ദേശം സ്വീകാര്യം തന്നെ. അഗിന്റെ കൂടെ നീ എന്നു ചേര്‍ത്താൽ ഗതിയിൽ നയിക്കുന്ന വസ്തുവിന്റെ പേരാണ് അഗ്നിയെന്ന് മനസ്സിലാക്കാൻ അല്പം വ്യാകരണം പഠിച്ചാല്‍ മതി. അങ്ങനെ വെളിച്ചം എന്നര്‍ത്ഥത്തിൽ അഗ്നി സംജ്ഞപ്തമായി. ഇരുട്ടില്‍നിന്ന് വെളിച്ചത്തിലേക്ക്‌ നയിക്കുന്ന അഗ്നിയെ സ്തുതിക്കുന്നു എന്നര്‍ത്ഥവും വരും. ഇനി ഈ പദത്തിന് എത്രയെങ്കിലും അര്‍ത്ഥങ്ങൾ ഉണ്ടാക്കുകയേ വേണ്ടൂ. യന്ത്രാഗ്നിയോ, പാചകാഗ്നിയോ, സൂര്യതാപമോ, വഴിവിളക്കോ, ഗുരുവോ, പിതാവോ, ജഠരാഗ്നിയോ, ചിതാഗ്നിയോ, അഗ്നിദ്രാവകമോ, സര്‍വേശ്വരാഗ്നിയോ എന്താണ് ആയിക്കൂടാത്തത്. തുടര്‍ന്ന്‍ ‍ പുരോഹിതം മുതൽ രത്നധാതമം വരെയുള്ള ആറ് പദങ്ങളേയും ഇങ്ങനെ സംജ്ഞാര്‍ത്ഥബോധത്തിന് വിധേയമാക്കുമ്പോൾ അതിഗഹനമായ അര്‍ത്ഥസാഗരത്തിൽ നീന്തിത്തുടിക്കാൻ കഴിയും.
(കടപ്പാട് – ആര്‍ഷനാദം നവംബര്‍ 2011, മലയാളത്തിലെ ഒരേയൊരു വൈദിക-ദാര്‍ശനിക മാസിക, 1970-ല്‍ ആചാര്യ നരേന്ദ്രഭൂഷൺ സ്ഥാപിച്ചത്)

No comments: