Tuesday, January 29, 2013

അസമത്വത്തിന്റെ ഗുണപാഠം - വേദമന്ത്രമനനം


ഋഗ്വേദം ൧൦.൧൧൭.൯ (10.117.9)
മണ്ഡലം ൧൦ (10), സൂക്തം ൧൧൭ (117), മന്ത്രം ൯ (9)
അസമത്വത്തിന്റെ  ഗുണപാഠം
ഋഷിഃ - ഭിക്ഷുഃ, ദേവതാഃ – ഇന്ദ്രഃ ധനാന്നദാനപ്രശംസാ,
ഛന്ദ: - നിചൃത്ത്രിഷ്ടുപ്, സ്വരഃ – ധൈവതഃ

समौ चिध्दस्तौ न समं विविष्टः संमातरा चिन्न समं दुहाते ।
यमयोश्चिन्न समा वीर्याणि ज्नाती चित्सन्तौ न समं पृणीतः ॥९॥

 സമൌ ചിദ്ധസ്തൌന സമം വിവിഷ്‌ടഃ സംമാതരാ ചിന്ന സമം ഗുഹാതേ.
യമയോശ്ചിന്ന സമാ വീര്യാണി ജ്ഞാതി ചിത്സന്തൌ ന സമം പൃണീതഃ (൯)

അര്‍ത്ഥം:- ഇരുകൈകളും ഒരേപോലെയാണെങ്കിലും ഒരുപോലെ കര്‍മം  ചെയ്യാന്‍ കഴിയുന്നവയല്ല. ഒരമ്മയ്ക്കു പിറന്നതാണെങ്കിലും രണ്ടു പശുക്കള്‍ ഒരുപോലെ പാലുതരാന്‍ സമര്ത്ഥരല്ല. രണ്ടുജോഡികളുടെ ബലം സമാനമല്ല. ബന്ധുക്കളായിരുന്നാലും ഒരുപോലെ പരസ്പരം സംതൃപ്തരാക്കാന്‍ കഴിയുകയില്ല.

വ്യാഖ്യാനം:- ലോകത്തില്‍ അടിമുടി വൈഷമ്യങ്ങളും വൈജാത്യങ്ങളും വൈരുദ്ധ്യങ്ങളുമാണ് പ്രകടമായി കാണുന്നതെന്ന വാസ്തവികതയെ ദൃഷ്ടാന്തങ്ങളിലൂടെ വേദം ബോധിപ്പിക്കുന്നു. ഒരു ശരീരത്തിലെ ഇടംവലം കൈകളുടെ ശക്തി ഒരുപോലെയല്ല. ഒരു പശു പ്രസവിച്ച രണ്ടു പൈക്കള്‍ ഒരുപോലെ പാലു തരുന്നില്ല. ഇരട്ട പിറന്ന സഹോദരങ്ങള്‍ പോലും ഒരുപോലെ ശക്തിയും കഴിവും ഉള്ളവരല്ല. രണ്ടു ബന്ധുക്കള്‍ ഒരുപോലെ ദാനികളായിരിക്കുകയില്ല. സൃഷ്ടിയില്‍ ഈ അസമാനതകള്‍ പ്രത്യക്ഷമാണ്. ഇതുകണ്ട് വിപരീത ശിക്ഷണം സ്വായത്തമാക്കരുത്. “എന്റെ ജ്യേഷ്ഠന്‍ ദാനശീലനല്ല, പിന്നെ ഞാനെന്തിന് ദാനിയാകണം” എന്ന ഭാവം അകമേ ഉണ്ടായി പുറമേ പ്രകടമാകരുത്. നിങ്ങളേക്കാള്‍ ദുഃഖിതരായവരുടെ ദുഃഖവും ക്ലേശവും അകറ്റുന്നതിന് പ്രയത്നശീലനായിരിക്കണം. ഈ അസമാനതയെപ്പറ്റി ഋഗ്വേദം 10.71.7-ല്‍ അതിസുന്ദരമായി നിരൂപണം ചെയ്തിട്ടുണ്ട്. ഈ ദാനപ്രകരണം ജ്ഞാനപ്രകരണവും കൂടിയാണ്.
अक्षण्वन्तः कर्णवन्तः सखायो
मनोजवेष्वसमा बभूवुः
आदघ्नास उपकक्षास उत्वे
ह्रदा इव स्नात्वा उत्वे ददृशे ॥ (ऋग्वेदम् १०.७१.७)

        അക്ഷണ്വന്തഃ കര്ണവന്തഃ സഖായോ
മനോജവേഷ്വസമാ ബഭൂവുഃ
ആദഘ്നാസ ഉപകക്ഷാസ ഉത്വേ
ഹ്രദാ ഇവ സ്നാത്വാ ഉത്വേ ദദൃശേ
= ഒരുപോലുള്ള കണ്ണും കാതും ഉള്ള മിത്രങ്ങള്‍ ഒരുപോലെ ജ്ഞാനം പ്രാപിക്കുന്നതിനു കെല്പുള്ള മനോവേഗമുള്ളവരാകുകയില്ല. ചിലര്‍ മൂക്കോളം വെള്ളമുള്ള തടാകത്തിനു സമാനം, ചിലര്‍ തോളറ്റം താഴുന്ന ജലാശയത്തിനു തുല്യം, ചിലര്‍ മുങ്ങാങ്കുഴിയിട്ടു കുളിച്ചു മേളിക്കാവുന്നസരസ്സുപോലെ ആയിരിക്കുന്നു. ശിഷ്യന്മാര്‍ക്കെല്ലാം സമാനരീതിയില്‍ കണ്ണുംമൂക്കും ചെവിയുമുണ്ട്. എങ്കിലും ചിലരേ പാഠം പഠിക്കുന്നുന്നുള്ളൂ. ചിലര്‍ക്ക്‌ ‌ എത്ര കേട്ടാലും കണ്ടാലും ഒന്നും ഗ്രഹിക്കാന്‍ വയ്യ. എല്ലാവരുടെയും മനസ്സ്‌ ഒരുപോലെയല്ലാത്തതാണ് ഇതിന്റെ കാരണം. മനസ്സിന്റെു ഈ ഭിന്നാവസ്ഥ നിമിത്തം ചിലര്‍ ബ്രഹ്മജ്ഞാനികളാകുമ്പോള്‍ ചിലര്‍ മദ്ധ്യമവര്‍ഗ്ഗത്തില്‍പ്പെടുന്ന വിദ്വാന്മാരും ചിലര്‍ സാധാരണരും ചിലര്‍ മഹാമൂഢന്മാരും ആയിപ്പോകുന്നു.
ഈ അസമാനത ആകസ്മികമല്ല. ജ്ഞാനസംബന്ധമായി എല്ലാവരേയും സമാനരാക്കാന്‍ മനസ്സ്‌ സമ്മതിക്കാത്തതുപോലെ ഒരേ കര്‍മം ചെയ്യാന്‍ എല്ലാവരേയും അനുവദിക്കാത്തതും മനസ്സുതന്നെ. അസമാനതകളുടെയെല്ലാം മൂലകാരണം കര്‍മവൈവിദ്ധ്യമാണ്. ജീവാത്മാക്കളുടെ രുചിഭേദം കാരണമാണ് കര്‍മവൈവിദ്ധ്യത്താലുണ്ടാകുന്ന അസമാനതയെന്ന് സമാധാനിക്കാമേന്നെയുള്ളൂ. അല്പജ്ഞരായ ജീവാത്മാക്കള്‍ ഏതുസമയവും ദുര്‍ഗതികാരണമായ കര്‍മങ്ങളില്‍ പ്രവൃത്തരാകാം. ആ അവസ്ഥ നമ്മേയും പരസഹായാപേക്ഷിതരാക്കിയേക്കും. ഇതറിയുന്ന ചിന്താശീലര്‍ സ്വന്തം മനസ്സിനെ കരുണാദ്രമാക്കി ദീനരുടേയും ദുഃഖിതരുടേയും ദുരിതങ്ങള്‍ അകറ്റാന്‍ യത്നശീലരാകും. എല്ലാവരും സമരാണെങ്കില്‍ ഇങ്ങനെയൊരു സേവാഭാവത്തിനു പ്രസക്തിയില്ലാതാകും. കര്‍മവൈവിദ്ധ്യമെന്ന അസമാനത ആത്മോന്നതിക്കു കാരണമാക്കുവാന്‍ ബുദ്ധിമാന്മാര്‍ക്ക് കഴിയണം. അതിന് ദീനസേവയും ദയാദാക്ഷിണ്യങ്ങളുമാണ് മാധ്യമമെന്നറിഞ്ഞ് കര്‍മനിരതരാകണം.
(കടപ്പാട് - ആര്‍ഷനാദം ജൂണ്‍ 2010)

No comments: