Thursday, November 06, 2014

വേദങ്ങള്‍ പഠിക്കാൻ ഗുരു വേണമോ? വിജയകുമാർ

വേദങ്ങള്‍ പഠിക്കാൻ ഗുരു വേണമോ? വിജയകുമാർ (05-11-2014)
മുഖപുസ്തകത്തിലെ ഒരു നല്ല സുഹൃത്ത് അദ്ദേഹത്തിന്റെ ഒരു ഗ്രൂപ്പിൽ ഇങ്ങനെ പറയുന്നതിൽ നിന്ന്‍ "ഗുരുവില്ലാത്തവര്‍ വേദങ്ങളും ഉപനിഷത്തുകളും പഠിക്കാനും, പറയാന്‍ അധികാരികളല്ല എന്ന വാദത്തെ നമ്മള്‍ പാടെ തള്ളിക്കളയുന്നു." വേദം ഗുരുവില്ലാതെ പഠിക്കാൻ സാധ്യമല്ല എന്ന് ആദ്യമേ വ്യക്തമാക്കിക്കൊള്ളട്ടെ. വിശദീകരിക്കാം.
ഈ ഭൂമിയിൽ ഒരു ജീവിയേയും, മനുഷ്യർ ഒഴിച്ച്, സ്വാഭാവികമായി ഒന്നും തന്നെ പഠിപ്പിക്കേണ്ടതില്ല. അവയ്ക്ക്  പ്രാകൃതികചോദനകളെ അനുസരിച്ച് അനായാസം ജീവിക്കാം. എന്നാൽ, മനുഷ്യർക്കു പഠിപ്പിക്കുന്നത്‌ “മാത്രമേ” അറിയാൻ കഴിയുള്ളൂ. കാട്ടിൽ മനുഷ്യരുമായി ബന്ധമില്ലാതെ വളർന്ന മനുഷ്യകുഞ്ഞിന് മനുഷ്യരുടെ പെരുമാറ്റരീതികൾ അനുകരിക്കാനോ സംസാരിക്കാനോ കഴിയാതെ പോകുന്നത് ഇത്തരുണത്തിൽ കൂട്ടിവായിക്കുക. ഇതുവരെ പഠിപ്പിക്കാതെ ആരും ഡോക്ടർ, എഞ്ചിനീയര്‍, വക്കീല്‍, കണക്കപ്പിള്ള (അക്കൌണ്ടന്റ്), അദ്ധ്യാപകർ, ഭാഷാവിദഗ്ധർ എന്നുവേണ്ട ആരുംതന്നെ ഒരു തൊഴിലും ചെയ്തതായി ഇതുവരെ അറിയില്ല. അങ്ങനെയുള്ളപ്പോൾ അതിഗഹനമായ അറിവായ വേദം ഗുരുവില്ലാതെ പഠിക്കുന്നത് എങ്ങനെയാണ്?
ഇനി വേദം എന്താണെന്ന് നോക്കാം. ഈശ്വരീയജ്ഞാനമായ പരമായ അറിവാണ് വേദം (ഇത് എല്ലാ ആചാര്യന്മാരും ഗുരുക്കന്മാരും അംഗീകരിക്കുന്നു). സൃഷ്ടിയുടെ തുടക്കത്തില്‍ സാക്ഷാൽ ജഗദീശ്വരൻ നാല് ഋഷിമാരിലേക്ക് പകര്‍ന്നു കൊടുത്ത അറിവാണ് വേദം. അതോടൊപ്പം അതിന്റെ അര്‍ത്ഥതലങ്ങളും അവര്‍ക്ക് പകര്‍ന്നുകിട്ടി. അതായത് തുടക്കത്തിൽ (പാശ്ചാത്യർ പറയുന്ന 2000-3000-5000 വർഷങ്ങളല്ല വേദകാലം, അത് അനാദിയാണ്). അതായത് വേദം പറയുമ്പോൾ/കേൾക്കുമ്പോൾ തന്നെ വേദാർത്ഥം നേരിട്ട് അറിഞ്ഞിരുന്നു. പിന്നീട്, മനുഷ്യരുടെ ആലസ്യം കാരണമാവണം വേദാർത്ഥം വിശദീകരിക്കാതെ വ്യക്തമാകാതെ വന്നു. അപ്പോൾ ഋഷിമാർ വേദഭാഷ്യത്തിനു വേണ്ടി ആറു അംഗങ്ങളും ആറു ഉപാംഗങ്ങളും ഉണ്ടാക്കി. വേദത്തിന്റെ ഭാഷ്യങ്ങളായ ബ്രാഹ്മണങ്ങളും ആരണ്യകങ്ങളും ഉപനിഷത്തുകളും എഴുതിയുണ്ടാക്കി. ഇവിടെ ഒരു കാര്യം വ്യക്തമാക്കാൻ ആഗ്രഹിക്കുന്നു. ഭാഷ്യം എന്നത് വ്യാഖ്യാനം അല്ല. ഭാഷ്യകാരൻ മൂലത്തെ ആധാരമാക്കി ഭാഷ്യം ചമയ്ക്കുമ്പോൾ മൂലത്തോട് യോജിച്ചു നിൽക്കുന്ന ആശയങ്ങൾ വേണം പ്രകടിപ്പിക്കാൻ. വ്യാഖ്യാനകാരന് സ്വന്തം ആശയഗതികൾ പ്രകടിപ്പിക്കാം.
അടുത്തൊരു കാര്യം, വേദത്തിലെ ഭാഷയാണ്. പൊതുവെ പറയുക വേദഭാഷ സംസ്കൃതമാണ് എന്നാണ്. സംസ്കൃതം രണ്ടുണ്ട്,–ഒന്ന്‍ ലൗകികസംസ്കൃതം മറ്റൊന്ന് വൈദികസംസ്കൃതം. ലോകത്തിൽ പൊതുവെ ഉപയോഗിക്കുന്നതാണ് ലൗകികസംസ്കൃതം. എന്നാൽ വൈദികസംസ്കൃതം വേദത്തിൽ മാത്രമുള്ളതും ലൗകികസംസ്കൃതത്തിന്റെ അടക്കം ലോകഭാഷകളുടെ മാതാവും ആണ് എന്നറിയുന്ന പണ്ഡിതർ പോലും കുറവാണ്. ഇതെപ്പറ്റി മലയാളിയും പ്രശസ്ത വേദപണ്ഡിതനുമായ സ്വ. (ആചാര്യ) നരേന്ദ്രഭൂഷൺ ധാരാളം പ്രഭാഷണങ്ങൾ നടത്തുകയും എഴുതുകയും ചെയ്തിട്ടുണ്ട്. “നവീന വേദഭാഷ്യകാരന്മാർ” എന്നൊരു ലേഖനം തന്നെ അദ്ദേഹത്തിന്റെതായുണ്ട്. ലൗകികസംസ്കൃതത്തിൽ നൈപുണ്യം വന്നു എന്നു വിചാരിക്കുന്ന, സാംഗോപാഗം വേദം പഠിക്കാത്ത ആധുനിക ‘പണ്ഡിതവരേണ്യർ’ അനായാസമായി വേദത്തിന് ഭാഷ്യം ചമച്ചതിൽ വന്ന അക്ഷന്തവ്യമായ പിഴകൾ വേദത്തെക്കുറിച്ച് കണക്കില്ലാത്ത തെറ്റിദ്ധാരണകൾ ലോകമെങ്ങും പരക്കാൻ ഇടയായി. പ്രത്യേകിച്ച് സായണഭാഷ്യത്തെ അടിസ്ഥാനമാക്കി മോക്ഷമൂല്യർ (പ്രൊഫ. മാക്സ് മുള്ളർ) തുടങ്ങിവച്ച ആംഗലേയ വേദഭാഷ്യങ്ങൾ. പലരുടേയും സംശയമാണ് സായണഭാഷ്യത്തിന് എന്താണ് കുറവെന്ന്. സായണാചാര്യർ വേദത്തിലെ പല വാക്കുകൾക്കും നിരുക്ത-നിഘണ്ടുക്കൾ അനുസരിച്ചുള്ള അർത്ഥം കൊടുക്കുന്നതായി കാണുന്നില്ല. ഋഗ്വേദം തുടങ്ങുന്നത് “അഗ്നീ മീളേ പുരോഹിതം..” എന്നാണ്. സായണാചാര്യർ അഗ്നിയ്ക്ക് തീ എന്ന പ്രസിദ്ധമായ ലൗകികാർത്ഥം മാത്രമാണ് കൊടുത്തിട്ടുള്ളത്. അഗ്നിയ്ക്ക് ഈശ്വരൻ, ഗുരു, അദ്ധ്യാപകന്‍, വഴികാട്ടി തുടങ്ങിയ അനേകം അർത്ഥങ്ങളുണ്ട്. സർവ്വജ്ഞനും സർവ്വപ്രകാശകനും സർവ്വദാഹകനും സർവ്വശക്തനുമായ ജഗദീശ്വരനെ സൂചിപ്പിക്കുന്ന ‘അഗ്നി’ ശബ്ദത്തിന് തീ എന്ന പരിമിതമായ അർത്ഥമേടുക്കുമ്പോൾ അറിയേണ്ടത് അറിയാതെ പോകുന്ന അനർത്ഥദ്യോതനം തന്നെയാണ് ഉണ്ടാവുന്നത് എന്നു പറയാതെ തരമില്ല. ഇന്നു ലഭ്യമായ ബഹുഭൂരിപക്ഷം വേദഭാഷ്യങ്ങളും (എല്ലാ ഭാഷകളിലും) സായണഭാഷ്യം അനുസരിക്കുന്നവയാണ് എന്നുകൂടി കൂട്ടി വായിക്കുമ്പോൾ വേദാർത്ഥം അനർത്ഥവും വ്യർത്ഥവും ആകുന്നതെങ്ങനെയാണെന്ന് മനസ്സിലാക്കാം. പുരാതന ആചാര്യന്മാരായ മഹീധരൻ, ഉവ്വടൻ, രാവണൻ മുതലായവരുടെ ഭാഷ്യങ്ങളും അപ്രാമാണികങ്ങളാണ് എന്നും സൂചിപ്പിച്ചുകൊള്ളട്ടെ.

മലയാളത്തിൽ ഇന്നു കിട്ടുന്ന പല വേദവ്യാഖ്യാനങ്ങളും വൈദിക സംസ്കൃതിയ്ക്ക് അപമാനമാണെന്ന് പറയാതെ വയ്യ. പ്രശസ്തമായ ഒരു മലയാള അഥർവവേദഭാഷ്യത്തിൽ, മൂത്രം ശക്തിയായി ശബ്ദത്തോടെ പോകട്ടെ എന്ന ‘പ്രാർത്ഥന’ പലവട്ടം ആവർത്തിക്കുന്നു! ഇത് ഇന്റര്‍നെറ്റിൽ സൗജന്യമായി ലഭ്യമാണ്. ഇന്റര്‍നെറ്റ്‌ എന്നത് സർവ്വവിജ്ഞാനകോശമാണ് എന്നൊരു ധാരണ പൊതുവേയുണ്ട്. എന്തും അവിടെ കിട്ടുമത്രേ! ഗൂഗിള്‍, വിക്കിപീഡിയ എന്നിവയാണ് എന്തിന്റേയും അവസാന വാക്ക്! ഇതൊക്കെയാണ് വേദം എന്നു ധരിക്കുന്ന സാധാരണക്കാരനെ കുറ്റപ്പെടുത്താനാവില്ല. പക്ഷെ, അറിവില്ലാത്ത കാര്യത്തിൽ അഭിപ്രായം പറയാതിരിക്കാനുള്ള സാമാന്യ മര്യാദ പോലും ആർക്കും ഉള്ളതായി കാണുന്നില്ല.
ഒരു കാര്യം പറയാതെ തരമില്ല. വേദത്തെപ്പറ്റി പറയാൻ വേദപണ്ഡിതർക്ക് അല്ലാതെ മറ്റർക്കാണ് അധികാരം. ഓരോ വിഷയത്തിലും അത് ശരിയായി പഠിച്ചവർ പറയുന്നത് തന്നെയാണ് അവസാന വാക്ക്. ഇപ്പോൾ ജനാധിപത്യമാണെന്നും ആർക്കും എന്തിനെപ്പറ്റിയും പറയാം എന്നാണെങ്കിൽ ഒരു സംശയം. ഇന്ന് മലയാള സാഹിത്യനിരൂപണരംഗത്ത് ഏറ്റവും ആധികാരികമായി പറയാൻ ബഹുമാന്യയായ ഡോ.എം.ലീലാവതി ടീച്ചർക്ക് ആണ് യോഗ്യത എന്നറിയാമല്ലോ. ഈ വിഷയത്തിൽ നമ്മൾക്ക് അഭിപ്രായം പറയാൻ അർഹതയുണ്ടോ പറയാമോ എന്ന്‍ സ്വയം വിശകലനം നടത്തിയാൽ മതിയാകും. അതുപോലെതന്നെ, മിസൈലിന്റെ സാങ്കേതികവശങ്ങളെപ്പറ്റി അഭിവന്ദ്യനായ അബ്ദുൽകലാം, ഭാരതത്തിന്റെ സാമ്പത്തികസ്ഥിതിയെക്കുറിച്ച് ബഹുമാന്യ റിസർവ് ബാങ്ക് ഗവർണർ രഘുറാം രാജൻ എന്നിവരോ; അതോ നമ്മളോ പറയാൻ യോഗ്യർ എന്ന്‍ സ്വയം ആലോചിച്ചുനോക്കുക.
വൈദിക സംസ്കൃതിയെ അറിയാനും പഠിക്കാനും ആർക്കും വിലക്കില്ല എന്നുകൂടി പറയേണ്ടിയിരിക്കുന്നു. വേദപഠന-പാഠന-പ്രചാരണങ്ങൾക്കായി സ്വജീവിതം ഉഴിഞ്ഞുവച്ച മഹർഷി ദയാനന്ദ സരസ്വതി, പണ്ഡിത വേദബന്ധു ശർമ്മ, (ആചാര്യ) നരേന്ദ്രഭൂഷൺ എന്നിവരുടെ ദീപ്തസ്മരണയിൽ തൊഴുകൈകളോടെ, ആ വഴിയെ സഞ്ചരിക്കാൻ ശ്രമിക്കുന്ന പണ്ഡിതനല്ലാത്ത ഒരു വേദാന്വേഷിയുടെ വിവരക്കേടുകൾ അറിവുള്ളവർ ചൂണ്ടിക്കാണിക്കുകയും തിരുത്തിത്തരുകയും വേണമെന്ന അപേക്ഷയോടെ, ഇതിലുള്ള ശരികളും നന്മകളും പൂർവ്വസൂരികളുടേത് മാത്രമാണെന്നും, ഇതിലെ തെറ്റുകുറ്റങ്ങളും കുറവുകളും നൂറു ശതമാനവും ഈയുള്ളവന്റെ മാത്രമാണെന്നും അറിയിക്കട്ടെ.

വിജയകുമാർ

No comments: