“ആചാര്യവാണി 03-05-2014, (ആചാര്യ)
നരേന്ദ്രഭൂഷൺ”
“വേദാദ്ധ്യയനം”
“അയുക്ത സപ്ത ശുന്ധ്യുവഃ സൂരോ രഥസ്യ നപ്ത്യഃ താഭിര്യാതി
സ്വയുക്തിഭിഃ.”
(അഥർവവേദം 20.47.21, ഋഷി പ്രസ്കണ്വഃ,
ദേവതാ ഇന്ദ്രഃ, ഛന്ദസ്സ് ഗായത്രീ)
“അർത്ഥം”:-
“സർവപ്രേരകനായ ഈശ്വരാ! ഈ രഥരൂപിയും പരമ
രമണീയവും ഭൂതങ്ങളെ രമിപ്പിക്കുന്നതുമായ ബ്രഹ്മാണ്ഡത്തെ ഒരിക്കലും നശിപ്പിക്കാത്ത
അതിനെ പ്രവർത്തിപ്പിക്കുന്ന (ഗതി നല്കി
നടത്തുന്ന) ഏഴു ശക്തികളെ സ്വയം യോജിപ്പിക്കൽ പദ്ധതിയിലൂടെ
അവയെ നടത്തി വിശ്വത്തെ സഞ്ചാലനം ചെയ്യിച്ച് അവയിൽ വ്യാപിക്കുന്നു.”
“മനനരസം”:-
“സൃഷ്ടിപരമായ ആധിദൈവികാർത്ഥമാണിത്. അഖണ്ഡിതവും
സാമ്യാവസ്ഥയിലിരുന്നതുമായ പ്രകൃതിയ്ക്ക് അദിതിയെന്നു പേർ. അവിടെ ഈശ്വരന്റെ
ഈക്ഷണശക്തിയെന്ന ഗുപ്തശക്തി പ്രവർത്തിച്ചു. ദിതിയുണ്ടായി. വിഭജിക്കാവുന്നതും
പഞ്ചഭൂതങ്ങളുടെ രഥവുമാണത്. സൂര്യൻ അല്ലെങ്കിൽ മാർത്താണ്ഡൻ എന്നെല്ലാം പറയുന്ന ഇതിൽ
നിന്ന്‍ അഗ്നി, സോമൻ, മിത്രാവരുണന്മാർ, സവിതാ, ബൃഹസ്പതി, ഇന്ദ്രൻ, വിശ്വദേവന്മാർ
എന്നീ ഏഴു പുത്രന്മാരുണ്ടായി. ഇവർക്ക് ന്യൂന വിദ്യുത്, അധിക വിദ്യുത്, കാന്തശക്തി,
താപം, പ്രകാശം, ശബ്ദം, ഗതി എന്നും പേരു നല്കാം. ഇവയെല്ലാം ഒരിക്കലും നശിക്കാതെ
സൂക്ഷ്മരൂപേണ പ്രളയത്തിലും സ്ഥൂലരൂപേണ സ്ഥിതിയിലും വർത്തിപ്പിയ്ക്കുന്ന മഹാസൂര്യന്
നമസ്ക്കാരം.”
“കടപ്പാട്”:- 1988 ഏപ്രിൽ ലക്കം ആർഷനാദം
മാസിക (മലയാളത്തിലെ ഏക വൈദിക-ദാർശനിക മാസിക, 1970-ൽ പ്രശസ്ത വേദപണ്ഡിതൻ സ്വർഗീയ (ആചാര്യ)
നരേന്ദ്രഭൂഷൺ തുടങ്ങിയത്), പുറം 17 (ഓണ്‍ലൈൻ എഡിഷൻ) http://arshanadam.co.in/
“എന്റെ കുറിപ്പ്”
“സമീപകാലത്തെ ഏറ്റവും പ്രഗത്ഭനായ വേദപണ്ഡിതനായിരുന്ന
ആചാര്യജിയുടെ ലളിതവും അതിമധുരവുമായ വേദമന്ത്രഭാഷ്യം. അദ്ദേഹത്തിന്റെ ഭാഷ
മനസ്സിലാകുന്നില്ല എന്നു പറയുന്നവർക്കുള്ള മറുപടി കൂടിയാണിത്. ശാസ്ത്രം
വേദത്തിലുണ്ടോ എന്നു സംശയിക്കുന്ന പണ്ഡിതർക്കുള്ള മറുപടിയുടെ ഭാഗമായി ഈ ലളിത
വേദമന്ത്രഭാഷ്യത്തെ കണക്കാക്കാം. വേദം എക്കാലത്തും പ്രസക്തമാണെന്ന ഓർമ്മപ്പെടുത്തൽ
കൂടിയാണ് ഈ ഭാഷ്യം. എന്തിനും ഏതിനും പാശ്ചാത്യരുടെ അഭിപ്രായങ്ങൾക്കു മാത്രം
പ്രാധാന്യം നല്കുന്ന അഭിനവ ഭാരതീയ ‘പണ്ഡിതരുടെ’ ശ്രദ്ധ, ആചാര്യജിയുടെ ആഴത്തിലുള്ള,
ആധികാരികമായ വേദപഠനങ്ങളിലേക്ക് എത്തിയിരുന്നെങ്കിൽ, ഭാരതത്തിന്റെ ഇന്നത്തെ നില
വളരെ നന്നാകുമായിരുന്നു.”
(വിജയകുമാർ മേനോൻ 03-05-2014)