വേദഭാഷ്യം – (ആചാര്യ) നരേന്ദ്ര
ഭൂഷണ്‍ 25-02-2015
മന്ത്രം
“യോ ഭൂതം ച ഭവ്യം ച സര്‍വം
യശ്ചാധിതിഷ്ഠതി.
സ്വര്യസ്യ ച കേവലം തസ്മൈ ജ്യേഷ്ഠായ
ബ്രഹ്മണേ നമഃ.
(അഥര്‍വവേദസംഹിത: കാണ്ഡം 10. പ്രപാഠകം
23. അനുവാകം 4. സൂക്തം 8. മണ്ഡലം 1. മന്ത്രം 1. കൂടാതെ സൂക്തം 7. മണ്ഡലം 32-34)
ഭാഷ്യം: (യോ ഭൂതം ച ഭവ്യം ച) ഭൂതകാലവും ഭവിഷ്യത്തും വർത്തമാന കാലവും (സര്‍വം
യശ്ചാധിതിഷ്ഠതി) എല്ലാ ജഗത്തും ആരുടെ ജ്ഞാനത്താൽ അറിയപ്പെടുകയും രചിക്കപ്പെടുകയും
പരിപാലിക്കപ്പെടുകയും പ്രളയത്തിൽ അന്തർധാനം ചെയ്യുകയും ചെയ്യുന്നുവോ (സ്വര്യസ്യ
ച കേവലം) ആരാണോ കേവലസുഖസ്വരൂപനായി മോക്ഷസുഖദാതാവായി വര്‍ത്തിക്കുന്നത് (തസ്മൈ
ജ്യേഷ്ഠായ ബ്രഹ്മണേ നമഃ) എല്ലാവരിലും ജ്യേഷ്ഠനും എല്ലാ വസ്തുക്കളിലും ബൃഹത്തുമായ
ആ ആനന്ദഘനമായ സര്‍വേശ്വരന് നമസ്ക്കാരം.
എന്റെ കുറിപ്പ്: കരുണാവാരിധിയും
സ്നേഹനിധിയുമായ ഈശ്വരൻ ജഗത് സൃഷ്ടി നടത്തിയതിന്റെ നന്ദിസൂചകമായുള്ള അനേകം
മന്ത്രങ്ങളിൽ ഒന്നാണിത് എന്നു വിശ്വസിക്കുന്ന ഒരാളാണിത് കുറിക്കുന്നത്. ഈശ്വരന്റെ
അനന്ത ഗുണഗണങ്ങളിൽ ചിലതുകൊണ്ട് സ്തുതിക്കുന്ന ഒട്ടനവധി മന്ത്രങ്ങളിലൊന്നാണിത്.
താരതമ്യേന ലളിതവും എന്നാൽ അവശ്യം മനനീയമായ ഈ മന്ത്രത്തിന്റെ സരളമായ ഭാഷ്യമാണ്
ആചാര്യജി കൊടുത്തിരിക്കുന്നത്.
കടപ്പാട്: നരേന്ദ്രഭൂഷൺ സ്മാരക
പ്രതിഷ്ഠാപനം ആചാര്യജിയുടെ മരണശേഷം പുറത്തിറക്കിയ ബൃഹത്ത് ഗ്രന്ഥമായ “ദയാനന്ദ സാഹിത്യ സാകല്യം” എന്ന കൃതിയുടെ രണ്ടാം
വാല്യത്തിലെ “വേദപര്യടനം” എന്ന ഗ്രന്ഥത്തിലെ “ഈശ്വരപ്രാർത്ഥന” ഭാഗത്തിലെ പുറം 105-ൽ നിന്നും. ആചാര്യ പാദങ്ങളില്‍ പ്രണാമങ്ങളോടെ