ചോദ്യം (സരസ്വതീ വൈദിക
ഗുരുകുലത്തിലെ വിദ്യാര്‍ത്ഥി കൂടിയായ മനീഷ് ജയചന്ദ്രൻ മുഖപുസ്തകത്തിൽ 2014 ഒക്ടോബർ
22ന് ചോദിച്ചത്):
“ഹൈന്ദവസന്ദേശം
പ്രചരിപ്പിക്കുന്ന ഒരാചാര്യന്റെ ക്ലാസ്സില്‍ വേദങ്ങൾ പഠിക്കണമെന്നില്ല, കേട്ടാല്‍
മതി എന്ന് കേട്ടു.കാരണം പഠിക്കാന്‍ വിഷമമാണ്.കേട്ടാല്‍ മാത്രം മതി.അര്‍ഥം
ഒരിക്കലും അറിയാതെ വേദം കേട്ടത് കൊണ്ട് എന്തെങ്കിലും പ്രയോജനം ഉണ്ടോ?”
2014 ഒക്ടോബർ 22ന് വിജയകുമാർ
മറുപടിയായി പറഞ്ഞു:
“വേദം
അറിവാണ്. ആ അറിവിനെ അറിവായി ഉള്‍ക്കൊള്ളാൻ അര്‍ത്ഥസഹിതം തന്നെ പഠിക്കണം. ഓത്ത്
(വേദം ചൊല്ലുന്നതിനു മലയാളത്തില്‍ പറയുന്നത്) വേദസംരക്ഷണത്തിന് അത്യാവശ്യം
തന്നെയാണ്. പക്ഷെ, അര്‍ത്ഥമറിയാതുള്ള വേദം കേള്‍ക്കുന്നവരെ "കുങ്കുമം ചുമക്കുന്ന
കഴുത" എന്നാണ് ശങ്കരാചാര്യർ
വിളിച്ചിരുന്നത്. പിന്നെ, ഈ അത്യന്താധുനിക കാലഘട്ടത്തില്‍, അതിനു അധികം പേരും മിനക്കെടാറില്ല. പിന്നെ, വേദമെന്നത്
മന്ത്രസംഹിതയാണ്; ബ്രാഹ്മണ-ആരണ്യക-ഉപനിഷത്തുകള്‍ വേറെയാണ്.”
2014 ഒക്ടോബർ 22ന് വിജയകുമാർ
മറുപടിയായി വീണ്ടും പറഞ്ഞു:
“കാത്യായനന്‍
ഒഴിച്ചുള്ള എല്ലാ പുരാതന ആചാര്യന്മാരും മന്ത്രസംഹിതകൾ മാത്രമാണ് അപൗരുഷേയമായ
(ഈശ്വരകൃതം) വേദം എന്നും ബ്രാഹ്മണ-ആരണ്യക-ഉപനിഷത്തുകള്‍ പൗരുഷേയം (മനുഷ്യകൃതം) ആണ്
എന്ന്‍ വേദപണ്ഡിതരും മലയാളികളും യശഃശരീരരുമായ പണ്ഡിത വേദബന്ധുശര്‍മ്മ, (ആചാര്യ) നരേന്ദ്രഭൂഷണ്‍
എന്നിവരും അവരുടെ പ്രസംഗ-ലേഖന-ഗ്രന്ഥങ്ങളില്‍ വ്യക്തമാക്കിയതായി മനസ്സിലാക്കുന്നു.
ഇവരെക്കൂടാതെ ഒട്ടനവധി വേദജ്ഞര്‍ ഇത് ശരിയാണെന്ന് തെളിവുകള്‍ സഹിതം
സ്ഥാപിച്ചിട്ടുണ്ട്. മലയാളികള്‍ക്ക്, പ്രത്യേകിച്ച്
വേദജ്ഞരല്ലാത്ത പുരാണങ്ങളുടെ വക്താക്കള്‍ക്ക് അംഗീകരിക്കുവാൻ ബുദ്ധിമുട്ടുള്ള ഈ
മഹാപണ്ഡിതരുടെ ഗ്രന്ഥങ്ങൾ കുറെയൊക്കെ ഇപ്പോള്‍ ലഭ്യമാണ്. വേദം ഏതു കാലത്തും ഏകമാണ്.
അത് സൃഷ്ടി മുതല്‍ ഇന്നുവരെ ൧൯൭ (197) കോടി വര്‍ഷങ്ങളായി സംരക്ഷിക്കപ്പെട്ടിരിക്കുന്നു,
ഒരു അക്ഷരത്തിനോ സ്വരത്തിനോ മാറ്റമില്ലാതെ. ഋഷിമാരാല്‍ എഴുതപ്പെട്ട
ബ്രാഹ്മണ-ആരണ്യകങ്ങളില്‍ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. ഉപനിഷത്തുകളുടെ എണ്ണത്തിന്റെ
കാര്യത്തില്‍ ഇന്നും തര്‍ക്കം തീരുന്നില്ല. 10, 11, 12,
13, 18, 108, 1008 എന്നിങ്ങനെ പോകുന്നു.
അള്ളോപനിഷത്ത് കൂടി ഉണ്ടെന്നറിയുന്നത് രസകരമാണ്. വേദം അംഗോപാംഗം (ആറു അംഗങ്ങളും
ആറു ഉപാംഗങ്ങളും സഹിതം) പഠിച്ച് ശരിയായ വേദാര്‍ത്ഥം അറിയാൻ എല്ലാവരാലും കഴിയില്ല,
ഒരു കാലത്തും. വേദം എല്ലാവര്‍ക്കും വേണ്ടിയുള്ളതാണ്, എല്ലാവരും വേദത്തിനു വേണ്ടിയുള്ളവരല്ല എന്ന പ്രസ്താവനയെ എങ്ങനെ
കാണുമെന്നറിയില്ല.”
2014 ഒക്ടോബർ 23ന് വിജയകുമാർ വീണ്ടും വിശദീകരിക്കുന്നു:
“ഒന്നുകൂടി
വ്യക്തമാക്കിക്കൊള്ളട്ടെ. വേദം ചൊല്ലാൻ പഠിക്കുന്നത് അതിന്റെ സംരക്ഷണത്തിന്
അത്യന്താപേക്ഷിതമാണ്. അത് അനസ്യൂതം അനവരതം അനാദികാലം മുതൽ നടന്നുവരുന്നു. അതിനു വേണ്ടി
ജീവിതം ഉഴിഞ്ഞുവച്ച എല്ലാ കാലത്തേയും മഹാത്മാക്കളേയും നമിച്ചുകൊണ്ട് പറയട്ടെ, വേദം
അർത്ഥം അറിയാതെ പഠിക്കുന്നത് വ്യർഥമാണ്.–ഈ ആധുനിക കാലഘട്ടത്തിൽ വേദം പഠിക്കാൻ
സമയമോ സൗകര്യമോ ഉണ്ടാകുമോ എന്നത് പലർക്കും ഉണ്ടാകാവുന്ന ഒരു സംശയമാണ്. വളരെ
അഭിമാനത്തോടെ പറയട്ടെ, ഇന്നും വൈദിക ഗുരുകുലങ്ങൾ ഭാരതത്തിന്റെ നാനാഭാഗത്തും ഉണ്ട്.
വേദം നേരിട്ട് പഠിക്കാൻ സാധിക്കാത്തവർക്ക് വേദജ്ഞരായ പണ്ഡിതരുടെ പ്രവചനങ്ങൾ (പ്രഭാഷണങ്ങളാണ്,
ഭാവി പറയലല്ല) കേൾക്കാം, ലേഖനങ്ങളും പുസ്തകങ്ങളും വായിക്കാം, അവരോടു നേരിട്ട്
സംവദിക്കാം. മനസ്സുണ്ടെങ്കിൽ മാർഗ്ഗങ്ങൾ അനവധിയാണ്. ആ ഗുരുക്കന്മാര്‍ക്ക്
പ്രണാമങ്ങളോടെ, എല്ലാവരും.വേദം അറിയാന്‍ ഇടയാകട്ടെ എന്ന്‍ പ്രാര്‍ത്ഥികുന്നു.