നവീന മലയാള വേദഭാഷ്യകർത്താക്കൾ
(ആചാര്യ) നരേന്ദ്രഭൂഷൺ
“ബൈബിൾ, ഗീത, ഉപനിഷത്ത്, പുരാണങ്ങൾ മുതലായവ പകർത്തിയെഴുതി
ഖണ്ഡന മണ്ഡനങ്ങൾ നടത്തുന്നത് മനസ്സിലാക്കാം. അവയിലെ വാക്യങ്ങളും ശ്ലോകങ്ങളും ലൗകികഭാഷകളിൽ
തര്‍ജ്ജുമ ചെയ്യപ്പെട്ടിട്ടുണ്ട്. വായിച്ചാൽ സാമാന്യബുദ്ധിയുള്ളവർക്ക് അവ
ഹൃദിസ്ഥമാകും. എന്നാൽ വേദങ്ങളോ? ഈശ്വരപ്രോക്തമെന്നു ഹിന്ദുക്കൾ വിശ്വസിക്കുന്ന ചതുർവേദങ്ങളുടെ
അർത്ഥം ഗ്രഹിക്കുന്നതിന് ലൗകിക സംസ്കൃതത്തിലെ പാണ്ഡിത്യം പോര. ഐതരേയാദി
ബ്രാഹ്മണഗ്രന്ഥങ്ങളും, ശിക്ഷ, കല്പം, വ്യാകരണം, നിരുക്തം, ഛന്ദസ്സ്, എന്നീ ശാസ്ത്രങ്ങളും
ജ്യോതിഃശാസ്ത്രവും ധാതുപാഠവും നന്നായി പഠിച്ചിട്ട് വ്യാഖ്യാനിക്കേണ്ടവയത്രേ വേദങ്ങൾ.
പ്രാചീനഭാഷ്യങ്ങളിൽ സായണാചാര്യരുടെയും മഹീധരന്റെയും ഭാഷ്യങ്ങൾ ലഭ്യമാണ്.
സായണഭാഷ്യത്തിന് തന്ത്രഗ്രന്ഥങ്ങളോടടുപ്പമുണ്ട്. തന്ത്രവും വേദവും തമ്മിൽ ബന്ധമില്ലെന്ന്
സാമാന്യവിവരമുള്ള താന്ത്രികരും സമ്മതിക്കും. മഹീധരഭാഷ്യമാകട്ടെ, അശ്ലീലജടിലമാണ്.
മഹീധരൻ പ്രാചീന ഓഷോയുടെ ഗുരുദേവനായിരുന്നു. ഗണപതിയെന്ന പദത്തിന് ഈശ്വരൻ എന്ന അർത്ഥത്തിനു
പകരം ഗണമെന്നതിനു് ജനമെന്നും പതിയെന്നതിന് ഉല്പാദകനെന്നും അർത്ഥം കൊടുത്തു് ‘പുരുഷന്റെ ജനനേന്ദ്രിയ’മെന്നു് ഭാഷ്യപ്പെടുത്തിയ
ഉഗ്രനാണ് മഹീധരൻ. ഇദ്ദേഹത്തിന്റെ ചുവടുപിടിച്ച് വേദഭാഷ്യം ചെയ്തവരാണ്
പാശ്ചാത്യവിദ്വാന്മാരിലധികം പേരും. മാക്സ്മുള്ളർ, ഗ്രിഫ്ത്, ഡോണൽ എന്നിവർ മാത്രം
സാമാന്യേന ഭേദമായ ഭാഷ്യം രചിച്ചു. ഇവരുടെ ഭാഷ്യരീതി പോലും തെറ്റാണെന്ന് മഹർഷി
ദയാനന്ദസരസ്വതിയും പണ്ഡിത് ദാമോദർ സാത്വലേക്കരും സ്ഥാപിച്ചിട്ടുണ്ട്. മഹർഷി
അരവിന്ദഘോഷും ഇതേ അഭിപ്രായക്കാരനാണ്.
ഇത് കഴിഞ്ഞ നൂറ്റാണ്ടിലെ കാര്യം. ഇന്നത്തെ
കേരളത്തിന്റെ സ്ഥിതി നോക്കുക. പതിനാലു ജില്ലകളിലും വേദഭാഷ്യകർത്താക്കൾ. വേദം
കന്നാലിപ്പാട്ടാണെന്നും വേദം പഠിച്ച് ജീവിതം പാഴായെന്നും വിലപിച്ചവരുടെ
പിന്മുറക്കാർ ഇന്ന് വേദഭാഷ്യകർത്താക്കളായിയിരിക്കുന്നു. ആധുനികശാസ്ത്രവുമായി ഇതിനെ
കൂട്ടിക്കുഴച്ചാൽ നവലോകക്രമം കണ്ടെത്താമത്രേ. ഇനി എന്തുകൊണ്ട് ദയാനന്ദനും
അരവിന്ദനും മറ്റും സമ്പൂര്‍ണ്ണമായും വേദത്തിന്റെ ഭാഷ്യം ചെയ്യാതിരുന്നത്
എന്നാണെങ്കിൽ അതിന്റെ ഒരു താക്കോൽ എവിടെയോ അവർക്ക് നഷ്ടപ്പെട്ടുപോയിരുന്നത്രേ. രണ്ടായിരാമാണ്ടിനുശേഷം
അത് കണ്ടെത്തി കേരളത്തിൽ എല്ലാ ജില്ലകളിലും വിതരണം ചെയ്യപ്പെട്ടിരിക്കുന്നു. നാല്
വേദങ്ങളും ഇന്ന് മലയാളത്തിൽ അർത്ഥസഹിതം ലഭ്യമാണ്. വേദപണ്ഡിതന്മാരാലും
വേദാചാര്യന്മാരാലും കേരളഭൂമി നിറഞ്ഞുനിൽക്കുന്നു. വി.കെ.നാരായണഭട്ടതിരിയും ഒ.എം.സി
യും വേദബന്ധുവും ഭാഗ്യഹീനരാണത്രെ. ഇന്നായിരുന്നുവെങ്കിൽ അവർക്കെല്ലാം ഈ
താക്കൊലോന്നുവച്ച് പണിയിച്ചുനൽകാമായിരുന്നു.”
കടപ്പാട്: 1970-ല്‍ വേദപണ്ഡിതൻ സ്വർഗീയ (ആചാര്യ) നരേന്ദ്രഭൂഷൺ തുടങ്ങിയ ആർഷനാദം
(മലയാളത്തിലെ ഏക വൈദിക-ദാർശനിക മാസിക) ഡിസംബർ 2009 ലക്കത്തിൽ
നിന്നും.
കൂടുതൽ വിവരങ്ങൾക്കും വിശദാംശങ്ങൾക്കും
മാസികയ്ക്കും പുസ്തകങ്ങൾക്കും http://arshanadam.co.in
എന്റെ കുറിപ്പ്
വേദഭാഷ്യം നിസ്സാരകാര്യമാണെന്നും
ഇത്തിരി സംസ്കൃതം അറിഞ്ഞാൽ ആർക്കും വേദം ഭാഷ്യം ചെയ്യാവെന്നുള്ള ഈ കാലഘട്ടത്തിൽ വളരെ
പ്രസക്തമാണ് ആചാര്യജിയുടെ ഈ കുറിപ്പ്. ഞങ്ങളെപ്പോലുള്ള കുറേപ്പേർ വളരെക്കാലം
സ്നേഹപൂർവ്വം നിർബന്ധിച്ചിട്ടും സമ്പൂർണ്ണവേദഭാഷ്യം ആചാര്യജി ചമയ്ക്കാതിരുന്നത്
തന്റെ ഭാഷ്യത്തിനപ്പുറം അനേക ഭാഷ്യങ്ങളുടെ അനന്തസാധ്യത വരുംതലമുറയ്ക്ക് കിട്ടാതെ
പോകരുത് എന്നതുകൊണ്ടാണെന്നു തോന്നുന്നു. വേദഭാഷ്യരീതികൾ മലയാളിയെ പഠിപ്പിച്ച, വേദം
സാധാരണക്കാരിൽ എത്തിക്കാൻ തന്റെ ജീവിതം ഉഴിഞ്ഞുവച്ച ആ മഹാപ്രതിഭയ്ക്ക് പ്രണാമം.
എങ്ങനെയായിരിക്കണം വേദഭാഷ്യം എന്നറിയാൻ,
ആർഷനാദത്തിന്റെ ഏറ്റവും പുതിയ ലക്കത്തിലെ (നവംബർ 2013, ലക്കം 485) “വേദാദ്ധ്യയനം” വായിക്കുക. ആചാര്യജിയുടെ മകനും
വേദപണ്ഡിതനുമായ വേദപ്രകാശ് ശരിയായ വേദാർത്ഥം നമ്മെ പഠിപ്പിക്കുന്നു. മനനത്തിന്റെ
അനന്തസാദ്ധ്യതകൾ തുറന്നിടുന്നു ഈ ഗഹനവും അതേസമയം ലളിതവുമായ ഈ വേദമന്ത്രഭാഷ്യം. മഹർഷി
ദയാനന്ദന്റെ, ആചാര്യജിയുടെ, വേദബന്ധുവിന്റെ വഴിയെ ചരിക്കുന്ന വേദപ്രകാശ് സമ്പൂർണ്ണ
മലയാളവേദഭാഷ്യം ചമച്ച് എല്ലാവർക്കും വഴികാട്ടിയാവട്ടെ എന്ന് ജഗദീശ്വരനോട്
ഉള്ളുരുകി പ്രാർത്ഥിക്കുന്നു. അതിന് എന്റെ നല്ല സുഹൃത്തും സഹോദരനുമായ വേദപ്രകാശിന്
ആരോഗ്യവും സമാധാനവും സമ്പത്തും തെളിവാർന്ന ധിഷണയും നേരുന്നു. പ്രസിദ്ധനും
മഹാപണ്ഡിതനും ആയ അച്ഛന്റെ പേരിനു മാറ്റുകൂട്ടുന്ന അതിപ്രഗല്‍ഭനായ മകനായി മാറട്ടെ
എന്നാശംസിക്കുന്നു.