ഉപനിഷത്തുകളിൽ നിന്നും
പ്രശ്നോപനിഷത്ത് (സ്വ.നരേന്ദ്രഭൂഷൺ തയ്യാറാക്കിയ ദാശോപനിഷത്ത് ശ്രുതിപ്രിയ ഭാഷാഭാഷ്യത്തില്‍ നിന്നും - ഡി.സി. ബുക്സ് പ്രസിദ്ധീകരണം)
अथादित्य उदयन्यत्प्राची दिशं प्रविशति तेन प्राच्या-
न्प्राणान् रश्मिषु संनिधत्ते यद्दक्षिणां यत्प्रतीचीं यदुदीचीं
यदधो यदूर्ध्वं यदन्तरा दिशो यत्सर्वं प्रकाश-
यति तेन सर्वान्प्राणान् रश्मिषु संनिधत्ते । ६ ।
അഥാദിത്യ ഉദയന്യത്പ്രാചീം ദിശം പ്രവിശ്യതി തേന
പ്രാപ്യാൻ
പ്രാണാന്‍രശ്മിഷു സംനിധത്തേ യദ്ദക്ഷിണാം
യത്പ്രതീചീം യദ്ദുദീചീം
യദധോ യദൂര്‍ധ്വം യദന്തരാ ദിശോ യത്സര്‍വം പ്രകാശ-
യതി തേന സര്വാൻപ്രാണാൻ രശ്മിഷു സംനിധത്തേ. ൬ (6)
അര്‍ത്ഥം:- അപ്പോൾ ആദിത്യൻ ഉദിച്ച്, ഏതൊരു പൂര്‍വദിക്കിൽ
പ്രവേശിക്കുന്നുവോ, അതിനാല്‍ പൂര്‍വദിക്കിൽ വര്‍ത്തിക്കുന്ന പ്രാണങ്ങളെ
കിരണങ്ങളില്‍ ധാരണം ചെയ്യിക്കുന്നു (ചെയ്യുന്നു), യാതൊന്ന് തെക്കും, യാതൊന്ന്
പടിഞ്ഞാറും, യാതൊന്ന് വടക്കും, യാതൊന്ന് മുകളിലും, യാതൊന്ന് ഇടയ്ക്കുള്ള
ദിക്കുകളിലും, യാതൊന്ന് എല്ലാത്തിനേയും പ്രകാശിപ്പിക്കുന്നുവോ, ആ പ്രകാശത്താല്‍
എല്ലാ പ്രാണങ്ങളേയും-വായുക്കളേയും-കിരണങ്ങളില്‍ സംധാരണം ചെയ്യിക്കുന്നു.
സൂര്യന്‍ ഉദിക്കുന്നതോടുകൂടി ദിക്കുകളെല്ലാം പ്രകാശിക്കുന്നു. അപ്പോള്‍
പ്രാണന്‍ ആ കിരണങ്ങളിൽ സമാവിഷ്ടമാകുന്നു.
അതായത് ഈശ്വരദത്തമായ ഗതിശക്തി അഥവാ പ്രാണന്‍ സൂര്യനിലാണ് ഏറ്റവും അധികമുള്ളത്. ഈ
പൃഥ്വിയുടെ നാലുപാടും സ്ഥിതിചെയ്യുന്ന വായു കിരണങ്ങളുടെ സമ്പര്‍ക്കത്താൽ ശക്തിമയമായ് ഭവിക്കുന്നു. നമുക്ക് ദൃശ്യമായ ഒരു ഉദാഹരണം സൂര്യോദയമാണ്.
സൂര്യന്‍ ഉദിക്കുന്നത് ആരും ഉദിപ്പിച്ചിട്ടല്ല. ഈശ്വരപ്രദത്തമായ ഈക്ഷണത്തിന്‍റെ
അനന്തരഫലമായ ഗതിയാണ് അതിന്‍റെ കാരണം. നമ്മുടെ സൗരയൂഥം സൂര്യനില്‍നിന്ന് പ്രാണനെ
സമ്പാദിക്കുന്നതു പോലെ ഇതര സൗരയൂഥങ്ങളും
ചെയ്യുന്നു. ഈ സമസ്ത സൗരയൂഥങ്ങളും സ്വപ്രകാശരൂപിയായ ആദിത്യനില്‍നിന്ന്‍ (ഈശ്വരനില്‍
നിന്ന്) പ്രകാശവും ഗതിയും സമാര്‍ജിച്ച സൃഷ്ടിയാരംഭിച്ചതെപ്പോൾ? എങ്ങനെ? എന്നീ ചോദ്യങ്ങള്‍ക്ക് പിപ്പിലാദ മഹര്‍ഷി
നല്‍കുന്ന ഉത്തരം സൂര്യോദയത്തിന്‍റെ ഉദാഹരണമാണ്. ഇതിലധികം ഉചിതമായ ബോധനമാദ്ധ്യമം ഈ
ജിടിലവിഷയത്തിന് ഇല്ലതന്നെ. കാലം, ദിശ എന്നിവയുടെ ബന്ധത്തെ ഓരോ അവസരത്തിൽ ബോധിപ്പിക്കുവാന്‍ സൂര്യോദയത്തിനു കഴിയുന്നു.
സൂര്യന്‍ കിഴക്കുദിക്കുന്നു എന്ന ദിശാബോധം. സൂര്യന്‍ ഉദിക്കുന്നത് ദിനാരംഭത്തിലെ
പ്രഭാതത്തിലാണെന്ന് കാലബോധം. കിഴക്ക്, പടിഞ്ഞാറ്, തെക്ക്, വടക്ക്, മുകളില്‍,
താഴെ എന്നീ പ്രകാരം ദിഗ്ബോധവും. ഭൂമി, ചന്ദ്രന്‍, സൂര്യന്‍, നക്ഷത്രങ്ങൾ, ആകാശഗംഗ, അനന്തസൃഷ്ടി എന്നിങ്ങനെ ദിശാബോധവും
പ്രഭാതം, മദ്ധ്യാഹ്നം, പ്രദോഷം, രാത്രി, ദിനം, വാരം, പക്ഷം, മാസം, വര്‍ഷം, നൂറ്റാണ്ട്,
സഹസ്രാബ്ദം, കല്പം, അനന്തകാലം എന്നിങ്ങനെ കാലബോധവും ഉണ്ടാകുന്നതിന്‍റെ അടിസ്ഥാനം
സൂര്യനാണല്ലോ. ഭൗതികമായ എല്ലാ
ചലനങ്ങളും ഗതിയും നിലനില്പും
സൂര്യനെ അപേക്ഷിച്ചിരുന്നു. എല്ലാ സൗരയൂഥങ്ങളിലും ഇവിടത്തേതുപോലെതന്നെ. “യഥാ അണ്ഡേ, തഥാ പിണ്ഡേ” എന്നതും എവിടെ സ്മരണീയമാണ്. ഓരോ സൗരയൂഥത്തിലും
സൂര്യന്‍റെ സ്ഥാനം എന്താണോ, അതുപോലെ പ്രാണികളുടെ ശരീരത്തിലും ജീവാഗ്നിക്ക്
സ്ഥാനമുണ്ട്. ജന്മനാ ശരീരാന്തര്‍ഗതമായ അഗ്നി ശൈശവം, ബാല്യം, യൗവനം, വാര്‍ദ്ധക്യം
എന്നീ അവസ്ഥകളിലൂടെ മൃത്യുവിലെത്തി, വീണ്ടും യഥാപൂര്‍വം ചംക്രമണം ചെയ്യുന്നു.
ശരീരത്തിൽ ജീവാഗ്നിയുടെ സ്ഥാനം എന്താണോ, അതത്രേ സൗരയൂഥത്തിൽ സൂര്യനുള്ളത്. സൂര്യന്‍റെ
ശക്തിയുടെ ഉറവിടം പരമാത്മാവിലിരിക്കുന്നതുപോലെ ശരീരത്തിലെ ഊര്‍ജ്ജത്തിന്‍റെ
സഞ്ചാലകൻ ജീവാത്മാവാണ്. അതിലും പരമാത്മാവ് അന്തര്യാമിയായിരിക്കുന്നു. ചുരുക്കിപ്പറഞ്ഞാല്‍
(൧) ഈശ്വരപ്രദത്തമായ ഗതിശക്തി (പ്രാണന്‍) ഏറ്റവും അധികമായി സൂര്യനിലുണ്ട്. (൨)
പൃഥ്വിയുടെ നാലുപാടും സ്ഥിതി ചെയ്യുന്ന വായു, കിരണങ്ങളുമായി മേളിച്ച് ശക്തിമയമായി
സൃഷ്ടിയ്ക്ക് ഉപകാരപ്രദമായി ഭവിക്കുന്നു. എല്ലാ ദിശകളിലും എല്ലാ കാര്യങ്ങളിലും
എല്ലാ വസ്തുക്കളുടെയും സന്ധാരണത്തിനു നിദാനം സൂര്യനാണെന്ന് പിപ്പിലാദ മഹര്‍ഷി
പഠിപ്പിക്കുന്നു.
എന്‍റെ വിശദീകരണം:- നമ്മുടെ ഈ സൗരയൂഥത്തിന്‍റെ ഊര്‍ജ്ജസ്രോതസ്സായി,
പ്രകാശത്തിന്‍റെ നെടുംതൂണായി, ദിശാ-കാലബോധങ്ങൾ നല്‍കി സൂര്യൻ നിലകൊള്ളുന്നതുപോലെ,
പ്രപഞ്ചത്തിലെ സര്‍വ്വ ചരാചരങ്ങള്‍ക്കും ആധാരമായി ജഗദീശ്വരൻ നമുക്കും
മറ്റെല്ലാത്തിനും (എല്ലായിടത്തും) വേണ്ടതെല്ലാം, വേണ്ടതുപോലെ, വേണ്ട സമയത്ത്,
വേണ്ടുന്ന അളവില്‍ തരുന്നു. ആ അപരിമേയനായ കരുണാമയനെ ഏവരും അറിഞ്ഞ് വണങ്ങുക.